Site iconSite icon Janayugom Online

കേരളത്തിലെ മെഴുകുതിരി നിർമ്മാണ മേഖല പ്രതിസന്ധിയില്‍

സംസ്ഥാനത്തെ മെഴുകുതിരി നിർമാണ മേഖല പ്രതിസന്ധിയുടെ നടുവിൽ. മെഴുകുതിരി നിർമ്മാണത്തിന് ആവശ്യമായ പാരഫിൻ വാക്സിന് അടിക്കടി വിലകൂട്ടുന്നതിനാൽ മെഴുകുതിരി നിർമ്മാണം തുടരാനാകാത്ത അവസ്ഥയിലാണ്. മാസത്തിൽ നാലുതവണയാണ് പാരഫിൻ വാക്സിന്റെ വില വർധിപ്പിക്കുന്നത്.
ഈ മാസത്തിൽ ഇത് വരെ രണ്ടുതവണ വില വർധിപ്പിച്ചു. മുൻ കാലങ്ങളിൽ ആറ് മാസം കൂടുമ്പോഴാണ് വില വർധിച്ചിരുന്നത്. പാരഫിൻ വാക്സിന് ടണ്ണിന് 93,000 രൂപയായിരുന്നത് 1,37,500 രൂപയായി. 

പെട്രോളിയത്തിന്റെ ഉപോല്പന്നമായ പാരഫിൻ വാക്സിന്റെ വില കൂടുന്നതിനാൽ മെഴുകുതിരിക്ക് 20 ശതമാനം വില വർധിപ്പിക്കേണ്ട അവസ്ഥയിലാണ് നിർമ്മാതാക്കൾ. സംസ്ഥാനത്ത് കുടിൽ വ്യവസായമായാണ് മെഴുകുതിരിനിർമാണം നടക്കുന്നത്. മെഴുകുതിരിയുടെ വില വർധിപ്പിച്ചാൽ ഉപയോഗം കുറയുമെന്ന ഭീതിയും നിർമ്മാതാക്കൾക്കുണ്ട്. 

കേന്ദ്ര സർക്കാർ പെട്രോളിയം ഉല്പന്നങ്ങൾക്ക് വില നിയന്ത്രിച്ചിരുന്ന കാലത്ത് പാരഫിൻ വാക്സിന് നാമമാത്രമായേ വില കൂടിയിരുന്നുള്ളു. വിലനിർണയാധികാരം പെട്രോളിയം കമ്പനികൾക്കു നൽകിയതു മുതലാണ് റിഫൈനറി അധികൃതർ അടിയ്ക്കടി പാരഫിൻ വാക്സിൻ വില വർധിപ്പിക്കുന്നതെന്ന് പോപ്പുലർ കാൻഡിൽസ് ഉടമ ജോസ് പറഞ്ഞു. പാരഫിൻ വാക്സിന് ഇടയ്ക്കിടെ വിലക്കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും നിർമ്മാതാക്കൾ പറയുന്നു. കേരളത്തിന് ആവശ്യമായ പാരഫിൻ വാക്സിൻ ചെന്നെ പെട്രോളിയം കോർപ്പറേഷനിൽ നിന്നാണ് നിന്നാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് ആയിരത്തിലധികം മെഴുകുതിരി കമ്പനികളുണ്ടായിരുന്നത് പ്രതിസന്ധിയെ തുടർന്ന് എഴുന്നൂറായി ചുരുങ്ങി. 

Eng­lish Summary:Candle man­u­fac­tur­ing sec­tor in cri­sis in Kerala
You may also like this video

Exit mobile version