Site iconSite icon Janayugom Online

ആൾവാസമില്ലാത്ത പറമ്പില്‍ വളര്‍ന്ന കഞ്ചാവ് ചെടി: നട്ടതാരെന്ന് കണ്ടെത്താനായില്ലെന്ന് എക്സൈസ്

GanjaGanja

ആൾവാസമില്ലാത്ത പറമ്പില്‍ വളര്‍ന്ന കഞ്ചാവ് ചെടി എക്‌സൈസ് സംഘമെത്തി പിഴുതെടുത്തു. ആപ്പാഞ്ചിറ ചെറിയ പാലത്തിന് സമീപത്തെ പറമ്പില്‍ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. സമീപത്തെ ജെ ജെ ഹോണ്ട ഷോറൂമില്‍ വാഹന സര്‍വീസിനെത്തിയ ആളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് എക്‌സൈസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയത്. ഷോറൂമിന് പടിഞ്ഞാറ് വശത്തായി 1.25 മീറ്റര്‍ ഉയരത്തില്‍ വളര്‍ന്ന നിന്നിരുന്ന നിലയിലായിരുന്നു കഞ്ചാവ് ചെടി. സംഭവത്തില്‍ കേസെടുത്തതായി വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

ഷോറൂമിന് മുകളില്‍ സമീപത്തെ പോളിടെക്‌നിക്ക് വിദ്യാര്‍ഥികള്‍ വാടകയ്ക്കു താമസിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് എക്‌സൈസ് സംഘം ഇവിടെയെത്തി നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളില്‍ നിന്നും കഞ്ചാവ് പിടികൂടുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികള്‍ താമസിച്ചിരുന്ന സമയത്ത് നട്ടതോ, വലിച്ചെറിഞ്ഞപ്പോള്‍ ഉണ്ടായതാകാനോയുള്ള സാധ്യതയുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Exit mobile version