Site iconSite icon Janayugom Online

മരണ മുനമ്പ് ;ഗാസയില്‍ താണ്ഡവം തുടര്‍ന്ന് ഇസ്രയേല്‍,700 കടന്ന് ജീവഹാനി

വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 700 കടന്നു. മരിച്ചവരിൽ 190 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗാസ സിവില്‍ ഡിഫൻസ് ഏജന്‍സി അറിയിച്ചു. നിരവധിയാളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. മധ്യ ഗാസയിലെ ദെയ്‌ർ അൽ ബലാ, ഗാസ സിറ്റി, തെക്കൻ നഗരങ്ങളായ ഖാൻ യൂനിസ്‌, റാഫ എന്നിവിടങ്ങളിൽ മാരകമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ആക്രമണം കൂടുതല്‍ വ്യാപിപ്പിക്കുമെന്ന സൂചന നല്‍കി, ഗാസയുടെ വടക്കും കിഴക്കും ഭാഗത്തുള്ള പലസ്തീനികൾ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതോടെ, ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേല്‍ സെെന്യം ആക്രമണം പുനരാരംഭിച്ചത്. സുരക്ഷാ മേഖല വികസിപ്പിക്കുന്നതിന് വടക്കൻ, തെക്കൻ പ്രദേശങ്ങളില്‍ സെെനിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. നെറ്റ്സാരിം ഇടനാഴിയുടെ മധ്യഭാഗത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായും സെെന്യം അറിയിച്ചു. തെക്കൻ ഗാസ അതിർത്തിയിൽ എലൈറ്റ് ഗൊലാനി ബ്രിഗേഡിനെ വിന്യസിക്കുമെന്നും ഐഡിഎഫ് പ്രഖ്യാപിച്ചു. 

ഹമാസിന്റെ രാഷ്ട്രീയ, സൈനിക നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നാണ് ഇസ്രയേലിന്റെ വാദം. വെടിനിര്‍ത്തല്‍ കാലയളവില്‍ മുനമ്പില്‍ ഹമാസ് പുനഃസംഘടിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെ‍ഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായി പ്രഖ്യാപിച്ച വെടിനിർത്തലിന്റെ ആദ്യ ഘട്ടം 60 ദിവസത്തേക്ക് നീട്ടാനുള്ള നിർദേശങ്ങൾ ഹമാസ് നിരസിച്ചതിനെ തുടർന്നാണ് വീണ്ടും ആക്രമണം നടത്താൻ ഇസ്രയേല്‍ തീരുമാനിച്ചത്. അതിന് മുമ്പ് യുഎസ് ഭരണകൂടവുമായി കൂടിയാലോചനകളും നടത്തി. അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേശം സ്വീകരിച്ച് ഗാസയില്‍ നിന്ന് പലായനം ചെയ്യാന്‍ ഇസ്രയേൽ പ്രതിരോധ മന്ത്രി പലസ്തീനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമാസിന്റെ ഭരണാധികാരവും സൈനിക അടിസ്ഥാന സൗകര്യങ്ങളും പൂർണമായും തകർക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. 

അതേസമയം, ഇസ്രയേലിന്റെ വാണിജ്യ കേന്ദ്രമായ ടെല്‍ അവീവില്‍ റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അറിയിച്ചു. ഗാസയിൽ നിന്ന് തൊടുത്തുവിട്ട ഒരു പ്രൊജക്‌ടൈൽ തടഞ്ഞതായും മറ്റ് രണ്ടെണ്ണം ജനവാസമില്ലാത്ത പ്രദേശത്ത് പതിച്ചതായും ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

Exit mobile version