Site iconSite icon Janayugom Online

മത തീവ്രവാദം വളര്‍ത്തുന്ന മൂലധനശക്തികള്‍

religionreligion

“മുതലാളിത്ത സംസ്കാരത്തിന്റെ അഗാധമായ ജീര്‍ണതയും അധഃപതനവും മനുഷ്യമനസില്‍ സൃഷ്ടിച്ച ആത്മീയ സംഘര്‍ഷങ്ങള്‍ ഭൗതികതലത്തിലെ ഭൂകമ്പങ്ങളെക്കാള്‍ നാശോന്മുഖവും ദുഃഖകരവുമാണ്. ഒരു സത്യക്രിസ്ത്യാനിക്ക് മൂന്ന് ലക്ഷം ബുദ്ധമതക്കാരെ ജപ്പാനിലെ ഹിരോഷിമയില്‍ അണുബോംബിട്ടു ചാമ്പലാക്കാന്‍ തന്റെ മതവിശ്വാസം തടസം നിന്നില്ല. എല്ലാ ഞായറാഴ്ചയും പള്ളിപ്രാര്‍ത്ഥനകളില്‍ പങ്കുകൊണ്ട ഹിറ്റ്ലര്‍ക്കും മുസോളിനിക്കും രണ്ടുകോടി ജനങ്ങളുടെ കൊലയ്ക്ക് കാരണമായ രണ്ടാം ലോകമഹായുദ്ധം അഴിച്ചുവിടാന്‍ യാതൊരു മനഃസാക്ഷിക്കുത്തുമുണ്ടായില്ല. സാഹിത്യകാരന്മാരായ സല്‍മാന്‍ റുഷ്ദിയേയും തസ്‌ലിമയേയും കൊല്ലാന്‍ പരസ്യമായി ആഹ്വാനം ചെയ്യാന്‍ മതമൗലികവാദികള്‍ക്ക്, കാരുണ്യനിധിയായ ഒരു ദെെവവും തടസം നില്‍ക്കുന്നില്ല. അയോധ്യയിലെ പള്ളി പട്ടാപ്പകല്‍ പെെശാചിക താണ്ഡവത്തോടെ തകര്‍ത്തവരെ തടയാന്‍ ത്രിമൂര്‍ത്തികളായ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാര്‍ക്കും സാധിച്ചില്ല. ബോസ്നിയയിലെ പാവപ്പെട്ട മുസ്‌ലിങ്ങളെ നരവേട്ട നടത്താന്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ അശേഷം മടിക്കുന്നില്ല. മതം യാതൊരു ദുഷ്കൃത്യങ്ങള്‍ക്കും പ്രേരണ നല്കുന്നില്ല. അതിലാര്‍ക്കും സംശയമില്ല. പിന്നെ ഇതെല്ലാം എങ്ങനെ സംഭവിച്ചു? മതവിശ്വാസികള്‍ രാക്ഷസീയമായ ഇത്തരം ക്രൂരതകള്‍ കാണിക്കുന്നതെന്തുകൊണ്ടാണ്?” (പാപമോ അനുഗ്രഹമോ- എന്‍ ഇ ബാലറാം സമ്പൂര്‍ണ കൃതികള്‍ വോള്യം 1. പേജ് 366) ഇന്ന് ലോകം നേരിടുന്ന വലിയ വിപത്തുകളില്‍ പ്രധാനമായത് സമൂഹത്തിലും രാഷ്ട്രീയത്തിലും മതത്തിന്റെ അതിപ്രസരണം കാരണം സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങളാണ് എന്ന എന്‍ ഇ ബാലറാമിന്റെ മേല്പറഞ്ഞ നിരീക്ഷണം ഏറ്റവും പ്രസക്തമായിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്.


ഇതുകൂടി വായിക്കൂ:  മര്യാദയ്ക്ക്, മര്യാദയ്ക്ക് ജീവിച്ചോ! ആര്?


ലോകത്തിലെ വിവിധ രാജ്യങ്ങളില്‍, ഇന്ന് മതങ്ങളുടെയും ഗോത്രങ്ങളുടെയും പേരില്‍ പരസ്പരം പോരടിക്കുന്നവര്‍ കാരണം കോടിക്കണക്കിനു ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്. പതിനായിരക്കണക്കിന് സാധാരണ മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ലക്ഷങ്ങള്‍ കിടപ്പാടവും ജീവിതോപാധിയും നഷ്ടപ്പെട്ട് അഭയാര്‍ത്ഥികളായി- ശിഥിലമായ കുടുംബങ്ങള്‍, അനാഥരായ കുഞ്ഞുങ്ങള്‍, ആലംബഹീനരായ സ്ത്രീകള്‍. കഴിഞ്ഞുപോയ 20-ാം നൂറ്റാണ്ടിന്റെയും ഇന്നത്തെ 21-ാം നൂറ്റാണ്ടിന്റെയും ബാക്കിപത്രം ഇതാണ്. ഇറാഖ്, സിറിയ, ലെബനന്‍, അഫ്ഗാനിസ്ഥാന്‍, മധ്യാഫ്രിക്കന്‍ രാജ്യങ്ങള്‍, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവിടെയെല്ലാം തന്നെ സമാധാനത്തിന്റെ കാലം ഒരു സ്വപ്നം മാത്രമായി തുടരുന്നു. ഈ നാടുകളിലെല്ലാം തന്നെ മതത്തിന്റെയും ഗോത്രത്തിന്റെയും പേരിലുള്ള ആഭ്യന്തര കലാപങ്ങളാണ് നടന്നത്. മനുഷ്യന്‍ മനുഷ്യനെ ചെന്നായ്ക്കളെപ്പോലെ ആക്രമിക്കുന്ന അവസ്ഥ. എന്നാല്‍ ഈ കാഴ്ചയുടെ പിറകിലെ സത്യമന്വേഷിച്ച് പോകുമ്പോഴും‍ ഈ അവസ്ഥ സൃഷ്ടിച്ചതിന് പിറകിലാര് എന്ന് അന്വേഷിക്കുമ്പോഴാണ്‌‍ ഈ മത‑ഗോത്ര വിഭജനങ്ങള്‍ക്കും അവരെ ആയുധമണിയിക്കുന്നതിനും അണിയറയില്‍ നില്ക്കുന്നവരാരെന്നും അവരുടെ ഉദ്ദേശലക്ഷ്യങ്ങളെന്താണെന്നും വ്യക്തമാവുന്നത്. ഇക്കാര്യം വിശദമാ‌ക്കാന്‍ ഏറ്റവും നല്ല ഉദാഹരണം ഇറാഖ് തന്നെയാണ്. പഴയ ചെന്നായയുടെയും ആട്ടിന്‍കുട്ടിയുടെയും കഥയിലെ ചെന്നായയെപ്പോലെ ഇല്ലാത്ത രാസായുധങ്ങളുടെ പേരുപറഞ്ഞ് സദ്ദാംഹുസെെന്‍ എന്ന സെക്കുലര്‍ ഭരണാധികാരിയെ, അവര്‍ വേട്ടയാടി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മനുഷ്യത്വരഹിതമായ നരവേട്ടയാണ് ഇറാഖില്‍ അരങ്ങേറിയത്. 2003 ഏപ്രില്‍ ഒമ്പതിന് റവല്യൂഷണറി അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടിയുടെ ധീരനായ പോരാളിയെ എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ട് കൊലക്കയറിലേറ്റി. ഒരുപക്ഷെ ഏണസ്റ്റോ ചെഗുവേരയ്ക്ക് ശേഷം ഇത്രയും ധീരമായി മരണത്തെ അഭിമുഖീകരിച്ച മറ്റൊരു യോദ്ധാവ് 20-­­­ാ­ം നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ഉണ്ടാവില്ല. ഇറാഖില്‍ നിന്ന് സിറിയയിലേക്കായിരുന്നു അടുത്ത നീക്കം. അമേരിക്ക ചെല്ലും ചെലവും കൊടുത്ത് പോറ്റിയ ഐഎസ് എന്ന ഭീകരസംഘടന ബാഷര്‍ അസദ് എന്ന അവശേഷിക്കുന്ന അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടിയുടെ ഏകഭരണകൂടത്തെ ഇല്ലാതാക്കുവാനായി പരിശ്രമിച്ചു. പക്ഷെ യാതനാപൂര്‍ണമായ യുദ്ധത്തിനൊടുവില്‍ സിറിയന്‍ ജനത ഐഎസിനെ തുരത്തിയോടിച്ചു. പക്ഷെ ഈ അതിക്രമങ്ങള്‍ക്കിടയില്‍ ലോകത്തെ ഏറ്റവും പുരാതന നഗരമായ അലിപ്പോ, ലോകചരിത്രാരംഭം മുതലുള്ള ഇറാഖിന്റെ തലസ്ഥാന നഗരം ബാഗ്ദാദ്, യൂഫ്രട്ടീസ് നദിയുടെ തീരത്തുണ്ടായിരുന്ന മനുഷ്യകുലത്തിന്റെ ചരിത്രം വിളിച്ചോതിയ തിരുശേഷിപ്പുകള്‍ ഇവയെല്ലാം തകര്‍ക്കപ്പെട്ടു.


ഇതുകൂടി വായിക്കൂ: കവിതയും സിനിമയും നൃത്തവും സഹിക്കാത്ത മതം


മേല്പറഞ്ഞ മാനവികതയ്ക്കെതിരെയുള്ള യുദ്ധങ്ങളിലെല്ലാം തന്നെ സംഘടിത മതങ്ങളുടെ പേരുപറഞ്ഞാണ് ജനാധിപത്യ സമൂഹങ്ങള്‍ക്ക് നേരെ മുതലാളിത്ത ശക്തികള്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടതെന്ന് കാണാവുന്നതാണ്. എന്നാല്‍ പ്രവാചകന്മാര്‍ ഉപദേശിച്ച മതവും ഇന്നത്തെ സമൂഹത്തില്‍ അവയുടെ പേരില്‍ നടക്കുന്ന അനാചാരങ്ങളും തമ്മില്‍ ഒരു ബന്ധവും കാണുവാന്‍ സാധിക്കുകയില്ല.
“മനുഷ്യസ്നേഹത്തിന്റെ വെന്നിക്കൊടി ഉയര്‍ത്താന്‍ ശ്രമിച്ച പല മഹാരഥന്മാരും ആവിര്‍ഭവിക്കുകയുണ്ടായി. മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കണമെന്ന് ബുദ്ധന്‍, ക്രിസ്തു, മുഹമ്മദ് തുടങ്ങിയ പ്രവാചകന്മാര്‍ ഉപദേശിക്കുകയുണ്ടായി. അവരുടെ മനുഷ്യസ്നേഹം കേവലമായിരുന്നില്ല. സാമൂഹ്യ ജീവിതത്തിന്റെ ഭൗതിക പരിസരങ്ങളില്‍ നിന്നാണ് അത് ഉടലെടുത്തത്. ബുദ്ധന്റെ അഹിംസ, ബ്രാഹ്മണ മേധാവിത്വത്തിനെതിരായ ഒരു വെല്ലുവിളി ആയിരുന്നു. ക്രിസ്തുവിന്റെ സ്നേഹത്തില്‍, അടിമകളെ ദ്രോഹിച്ച സ്വത്തുടമകള്‍ക്കും അവരുടെ കിങ്കരന്മാരായ പുരോഹിതര്‍ക്കും എതിരായ കാഹളം മുഴങ്ങിയിരുന്നു. പരസ്പരം കലഹിച്ച ഗോത്രങ്ങളെ ഒരുമിച്ചുനിര്‍ത്തിയത് മുഹമ്മദ് നബിയുടെ സ്നേഹമായിരുന്നു. സ്നേഹത്തിന്റെ സാമൂഹ്യമായ പങ്കിനെക്കുറിച്ചാണ് പ്രവാചകര്‍ ഏകസ്വരത്തില്‍ പറഞ്ഞത്.”
(കെ ദാമോദരന്‍— പ്രവാചകന്മാരുടെ മനുഷ്യസ്നേഹം, സമ്പൂര്‍ണകൃതികള്‍)


ഇതുകൂടി വായിക്കൂ: വെറുപ്പിന്റെ പ്രത്യയശാസ്ത്രം


കെ ദാമോദരന്റെ മേല്‍ ഉദ്ധരിച്ച വരികള്‍ പ്രവാചകന്മാര്‍ ഉദ്ദേശിച്ച മതങ്ങളുടെ ലക്ഷ്യം ചുരുങ്ങിയ വാക്കുകളില്‍ വിശദമാക്കുന്നു. എന്നാല്‍ ഇന്ന് സമൂഹത്തില്‍ കാണുന്ന മതങ്ങള്‍ ഈ ലക്ഷ്യവുമായി ബന്ധപ്പെട്ടാണോ പ്രവര്‍ത്തിക്കുന്നത് എന്നത് ആത്മപരിശോധന അര്‍ഹിക്കുന്ന വിഷയമാണ്.
ഇന്ത്യയുടെ ഇന്നത്തെ പശ്ചാത്തലത്തില്‍ മേല്പറഞ്ഞ ലോകസംഭവവികാസങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഇന്ന് ഇന്ത്യയില്‍ തീവ്ര ഹിന്ദുസംഘടനകള്‍ നടത്തുന്ന വലിയ പരിശ്രമം, ഹിന്ദു എന്ന പേരില്‍ അറിയപ്പെടുന്ന, ഹിന്ദുക്കുഷ് പര്‍വതത്തിനിപ്പുറം പ്രാചീനകാലം മുതല്‍ അധിവസിക്കുന്ന വിവിധ സംസ്കാരങ്ങളും ഭാഷകളും ആചാരങ്ങളും വിശ്വാസങ്ങളും പുലര്‍ത്തുന്ന, മെഡിറ്ററേനിയന്‍ പ്രദേശത്തെ പോലെതന്നെ ലോക പെെതൃകത്തിന്റെ ഭൗതിക, സാംസ്കാരിക ചിഹ്നങ്ങള്‍ നെഞ്ചിലേറ്റുന്ന ഇന്ത്യ എന്ന ഭൂവിഭാഗത്തിലെ ജനങ്ങളെ അവരുടെ സാംസ്കാരിക വെെവിധ്യം ഇല്ലാതെയാക്കി, സെമറ്റിക് മതാനുഷ്ഠാനങ്ങളെ അനുകരിച്ചുകൊണ്ട്, മതമേധാവിത്വത്തിന്റെ അതായത് ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ഠിതമായ ബ്രാഹ്മണ മേധാവിത്വത്തിന്റെ ചട്ടക്കൂട്ടിലൊതുക്കുക എന്നതാണ്. ഈ പരിശ്രമത്തിന്റെ ഭാഗമാണ് രാജ്യമെമ്പാടും ദളിതര്‍ക്കും മറ്റു പിന്നാക്ക സമുദായങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ നടക്കുന്ന അക്രമപരമ്പരകള്‍. പശുവിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളും പാവപ്പെട്ട മനുഷ്യരില്‍ ഭയം ജനിപ്പിക്കുവാനായാണ്. നരേന്ദ്രധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയ ആദരണീയരായ പണ്ഡിത വരേണ്യര്‍ക്കു നേരെയും ഗൗരീലങ്കേഷടക്കമുള്ള അനേകം ധീരരായ പത്രപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ക്കും നേരെയും ഉതിര്‍ന്ന വെടിയുണ്ടകള്‍ ഇന്ത്യയുടെ രാഷ്ട്രപിതാവിനു നേരെ ഉതിര്‍ന്ന അതേ വെടിയുണ്ടകളാണ്. ഇന്ത്യയെ മറ്റൊരു അഫ്ഗാനിസ്ഥാന്‍, ഇറാഖ് അല്ലെങ്കില്‍ സിറിയ ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കഴുകന്മാരെ പോലെ റാകിപ്പറക്കുന്ന ലോകകോര്‍പറേറ്റ് ശക്തികള്‍ തന്നെയാണ് ഇന്ത്യയിലെ തീവ്ര വര്‍ഗീയവാദികള്‍ക്ക് പരസ്യമായും പരോക്ഷമായും പിന്തുണ നല്കുന്നത്. ഈ രാജ്യത്തെ ഫലഭൂയിഷ്ഠമായ മണ്ണിലും ധാതുനിക്ഷേപങ്ങളിലും സുലഭമായ ശുദ്ധജലത്തിലും കണ്ണുവച്ച്, ഇന്ത്യ പോലെയുള്ള ഒരു വലിയ വിപണിയുടെ സാധ്യതകള്‍ മുന്നില്‍ക്കണ്ട്, അതു മുഴുവന്‍ കെെക്കലാക്കാനുള്ള ആര്‍ത്തിയോടെ ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും തകര്‍ത്ത് മുതലാളിത്തത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റുവാന്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് ഓരോ രാജ്യസ്നേഹിയുടെയും പ്രഥമ കര്‍ത്തവ്യമാണ്.

Exit mobile version