Site iconSite icon Janayugom Online

ക്രിസ്മസ് — പുതുവത്സര ആഘോഷത്തിന് ഒരുങ്ങി തലസ്ഥാനം: വസന്തോത്സവത്തിന് നാളെ തുടക്കം

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തലസ്ഥാനം ഒരുങ്ങിയിരിക്കുകയാണ്. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം’ പുഷ്പമേളയുടെയ്ക്കും ന്യൂ ഇയര്‍ ലൈറ്റ് ഷോയ്ക്കും നാളെ തുടക്കമാകുക. വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാവും. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ മുഖ്യാതിഥിയാകും.

‘ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാര്‍മണി’ എന്ന ആശയത്തിലാണ് ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. കേരളം രാജ്യത്തിനു മുന്നില്‍ വിളംബരം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഒരുമയുടെയും സന്ദേശമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പ് അലങ്കരിക്കും. ഇതിന്റെ ഭാ​ഗമായുള്ള ലൈറ്റ് ഷോ നഗരത്തെ വര്‍ണാഭമാക്കും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികള്‍ വസന്തോത്സവത്തില്‍ സജ്ജമാക്കി. 8000 ത്തില്‍ പരം ക്രിസാന്തെമം ചെടികള്‍ കൊണ്ട് ഒരുക്കുന്ന ക്രിസാന്തെമം ഫെസ്റ്റിവല്‍ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമാണ്. വസന്തോത്സവത്തിനോട് അനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തില്‍ പുഷ്പാലങ്കാര പ്രദര്‍ശനവും മത്സരവും ഒരുക്കുന്നുണ്ട്. ഫ്ളവര്‍ ഷോയ്ക്കു പുറമേ ട്രേഡ് ഫെയര്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്‍റ് പാര്‍ക്ക്, കലാപരിപാടികള്‍ എന്നിവയും നടക്കും. മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 30 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വസന്തോത്സവം ജനുവരി നാലിന് സമാപിക്കുക.

ഉദ്ഘാടന സമ്മേളനത്തിൽ എംപിമാരായ ശശി തരൂര്‍, എ എ റഹിം, വികെ പ്രശാന്ത് എംഎല്‍എ, കൗണ്‍സിലര്‍ കെ ആര്‍ ക്ലീറ്റസ്, ജില്ലാ കലക്ടര്‍ അനുകുമാരി, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ സുരേഷ്, ഡിടിപിടി സെക്രട്ടറി സതീഷ് മിറാന്‍ഡ എന്നിവര്‍ പങ്കെടുക്കുക.

Exit mobile version