കഞ്ചാവ് കടത്തിയ കുറ്റത്തിന് തൂക്കുമരം വിധിച്ച യുവാവിന്റെ കുടുംബം നല്‍കിയ ദയാഹര്‍ജി സിംഗപ്പുർ പ്രസിഡന്റ് തള്ളി. നാൽപ്പത്തിയാറുകാരനായ തങ്കരാജു സുപ്പയ്യയെ തൂക്കിലേറ്റാനുള്ള ഒരുക്കത്തിലാണ് സിംഗപ്പുർ സർക്കാർ. ബുധനാഴ്ച ശിക്ഷ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. ഈ വര്‍ഷത്തെ ആദ്യ വധശിക്ഷയാകും ഇത്.
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ലോകത്ത് ഏറ്റവും കടുത്ത നിയമങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് സിംഗപ്പുർ. മയക്കു മരുന്ന് കടത്തിയവർക്ക് വധശിക്ഷയാണ് സിംഗപ്പുരിലെ നിയമം. വധശിക്ഷയ്ക്കെതിരെ സുപ്പയ്യയുടെ കുടുംബം കഴിഞ്ഞയാഴ്ചയാണ് സിംഗപ്പുർ പ്രസിഡന്റിന് ദയാഹർജി നൽകിയത്.
സുപ്പയ്യയ്ക്ക് കൃത്യമായ നിയമസഹായം ലഭിക്കുന്നില്ലെന്നായിരുന്നു ബന്ധുക്കൾ ആരോപിച്ചത്. ദ്വിഭാഷിയുടെ സേവനം ലഭ്യമാക്കുന്നതിലുൾപ്പെടെ വീഴ്ച സംഭവിച്ചതായും ബന്ധുക്കൾ പറഞ്ഞു.
മലേഷ്യയിൽ നിന്ന് സിംഗപ്പുരിലേക്ക് ഒരു കിലോ കഞ്ചാവ് കടത്താൻ ഗൂഢാലോചന നടത്തിയതിന് 2013ലാണ് സുപ്പയ്യക്കെതിരെ കേസെടുത്തത്. കഞ്ചാവ് നേരിട്ട് പിടികൂടിയിട്ടില്ലെങ്കിലും മറ്റ് തെളിവുകൾ സുപ്പയ്യക്കെതിരായിരുന്നു. ഗൂഢാലോചനയ്ക്ക് പിന്നിൽ സുപ്പയ്യയാണെന്ന പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിച്ചു. എന്നാല്‍ കേസുമായി തനിക്ക് ബന്ധമില്ലെന്നാണ് തങ്കരാജു കോടതിയില്‍ പറഞ്ഞത്. തനിക്കെതിരായ തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും തങ്കരാജു ആരോപിച്ചു. തങ്കരാജുവിന്റെ വധശിക്ഷയ്ക്കെതിരെ സാമൂഹിക പ്രവർത്തകർ അടക്കം രംഗത്തെത്തിയിട്ടുണ്ട്.
English Sammury: Singaporean man to capital punishment on trafficking 1 kg