ബന്ദികളാക്കിയവരെ ജനുവരി 20ന് മുമ്പ് വിട്ടയച്ചില്ലെങ്കില്‍ ഹമാസ് കനത്ത വില നൽകേണ്ടി വരുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്ക ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ തിരിച്ചടിയാകും ഉണ്ടാകുകയെന്നും ട്രംപ് പറഞ്ഞു. 33 ബന്ദികളെ ഇസ്രയേൽ സേന വധിച്ചുവെന്ന ഹമാസിന്റെ ആരോപണത്തിന് പിന്നാലെയാണ് പ്രസ്താവന. ഇസ്രയേലിന് ശക്തമായ പിന്തുണ നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടെ, ഇസ്രയേൽ‑ഹമാസ് യുദ്ധം കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. വെടിനിര്‍ത്തലിനായി ട്രംപ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
പശ്ചിമേഷ്യയില്‍ വളരെ അക്രമാസക്തവും മനുഷ്യത്വരഹിതവുമായ രീതിയില്‍ ബന്ദിയാക്കപ്പെട്ടവരെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. പക്ഷെ, സംസാരം മാത്രമേയുള്ളൂ, നടപടി ഉണ്ടാകുന്നില്ല. അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേൽക്കുന്ന 2025 ജനുവരി 20ന് മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഇതിന് പിന്നിലുള്ളവർ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. അതേസമയം, ഏത് തരത്തിലുള്ള നടപടിയാണ് സ്വീകരിക്കുകയെന്ന് ട്രംപ് പോസ്റ്റിൽ പറയുന്നില്ല. ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് ഇസ്രയേൽ പ്രസിഡന്റ് ഇസ്ഹാഖ് ഹെർസോഗ് രംഗത്തുവന്നു. നാട്ടിൽ തിരിച്ചെത്തുന്ന സഹോദരൻമാരെയും സഹോദരിമാരെയും കാണാനായി തങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
അധികാരത്തിലെത്തിയാല്‍ ബന്ദികളെ മോചിപ്പിച്ച് ഗാസയിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ആദ്യഭരണ കാലയളവില്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇസ്രയേലിലെ യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റിയത് ട്രംപ് ഭരണത്തിന് കീഴിലാണ്. ഗോലാന്‍ കുന്നുകളില്‍ ഇസ്രയേലിനാണ് പരമാധികാരമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ഇസ്രയേലി സെറ്റില്‍മെന്റുകള്‍ വളരെ വേഗത്തില്‍ വിപൂലീകരിക്കണമെന്നാണ് ട്രംപിന്റെ അഭിപ്രായം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അടുത്ത സുഹൃത്താണ് ട്രംപ്.
ബന്ദികള്‍ കൊല്ലപ്പെടാന്‍ കാരണം ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിടിവാശിയാണെന്ന് ഹമാസ് ആരോപിച്ചു. ആക്രമണം തുടരുന്നത് ബന്ദികളുടെ മരണസംഖ്യ ഉയർത്തുകയാണ്. നിങ്ങളുടെ ഭ്രാന്തൻ യുദ്ധം തുടർന്നാൽ എല്ലാ ബന്ദികളെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. വളരെ വൈകും മുമ്പ് ചെയ്യേണ്ടത് ചെയ്യാനും ഹമാസ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. എങ്ങനെയാണ് ബന്ദികൾ കൊല്ലപ്പെട്ടതെന്ന കാര്യവും വിഡിയോ സന്ദേശത്തിൽ ഹമാസ് വ്യക്തമാക്കുന്നുണ്ട്. പലരും വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
2023 ഒക്ടോബർ ഒമ്പതിന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടതാണ് ആദ്യ സംഭവം. കഴിഞ്ഞമാസം വടക്കൻ ഗാസയിൽ ഇസ്രയേൽ സൈനിക നടപടിക്കിടെ ബന്ദി കൊല്ലപ്പെട്ടതാണ് അവസാനത്തേത്. സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന അമേരിക്കൻ പൗരൻ ഒമർ ന്യൂട്ര ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ 251 പേരെയാണ് ഹമാസ് ബന്ദിയാക്കിയിരുന്നത്. ഇതിൽ 97 പേരും ഗാസയിലുണ്ടെന്നാണ് കരുതുന്നത്. 35 പേർ മരിച്ചതായും ഇസ്രയേൽ പറയുന്നു. താൽക്കാലിക വെടിനിർത്തലിനെ തുടർന്ന് 105 പേരെ ഹമാസ് വിട്ടയച്ചിരുന്നു. എട്ട് പേരെ രക്ഷിക്കുകയും 37 പേരുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.