Site iconSite icon Janayugom Online

വാഹനാപകട ക്ലെയിം: ആറുമാസ സമയപരിധി സ്റ്റേ ചെയ്തു

വാഹനാപകട ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള ആറ് മാസത്തെ സമയപരിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കാലതാമസത്തിന്റെ പേരിൽ റോഡപകടത്തില്പെട്ടവരുടെ നഷ്ടപരിഹാര അപേക്ഷകൾ തള്ളരുതെന്നും രാജ്യത്തുടനീളമുള്ള എല്ലാ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലുകള്‍ക്കും ഹൈക്കോടതികള്‍ക്കും നിർദേശവും നല്‍കി. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജാരിയയും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 

നഷ്ടപരിഹാരത്തിനുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്യാൻ ആറ് മാസത്തെ സമയപരിധി നിര്‍ബന്ധമാക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, 1988ലെ സെക്ഷൻ 166(3)ആണ് റദ്ദാക്കിയത്. കേസ് നവംബർ 25ന് വീണ്ടും പരിഗണിക്കും. ക്ലെയിമുകൾക്ക് കാലയളവ് ഏർപ്പെടുത്തിയ 2019 ലെ മോട്ടോർ വാഹന നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുതയുമായി ബന്ധപ്പെട്ട കേസിലാണ് ഇടക്കാല ഉത്തരവ്. 

2019 ലെ മോട്ടോർ വാഹന (ഭേദഗതി) നിയമത്തിൽ ചേർത്ത 166(3) വകുപ്പ്, അപകടത്തില്‍പ്പെട്ടവരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും, നഷ്ടപരിഹാരം നിഷേധിക്കുന്നതിന് കാരണമാകുമെന്നും ഹര്‍ജിക്കാരൻ ചൂണ്ടിക്കാണിച്ചു.
നേരത്തെ നിയമത്തിൽ അത്തരമൊരു സമയപരിധി കാലയളവ് ഉണ്ടായിരുന്നില്ല എന്നും ഹര്‍ജിയില്‍ പറയുന്നു. 

Exit mobile version