ദേശീയപാതയിൽ കുതിരാൻ പാലത്തിനു മുകളിൽ ട്രെയിലർ ലോറിയിൽ ഇന്നോവ കാർ ഇടിച്ചു കയറി അപകടം. വയോധികൻ മരിച്ചു. അഞ്ചു പേർക്ക് ഗുരുതര പരിക്ക്. തിരുവല്ല തോട്ടുപുഴശേരി പള്ളിയംപറമ്പിൽ വീട്ടിൽ ചെറിയാൻ (72) ആണ് മരിച്ചത്. ചെറിയാന്റെ ഭാര്യ ശാന്തമ്മ, ബന്ധുക്കളായ ജോൺ തോമസ്, മനു, തങ്കമ്മ ജോൺ, മോഹൻ എന്നിവർക്കാണ് പരിക്കേറ്റത്. ജോൺ തോമസ് ആണ് വാഹനം ഓടിച്ചിരുന്നത്. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്.
കുതിരാൻ തുരങ്കത്തിന് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഒറ്റവരിപ്പാതയിലാണ് ഇരു വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചത്. ബംഗളൂരുവിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തൃശൂർ അശ്വനി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ട് പേർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും ഒരാൾ ജനറൽ ആശുപത്രിയിലും ചികിത്സയിലുണ്ട്.
അപകടത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്ന് ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിലൂടെയാണ് ട്രെയിലർ ലോറിയുടെ അടിയിൽ നിന്നും കാർ പുറത്തെടുത്തത്. പീച്ചി പൊലീസ്, മണ്ണുത്തി ഹൈവേ പൊലീസ്, ദേശീയപാത റിക്കവറി വിഭാഗം എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
English Summary: Car accident in Kuthiran; One di ed
You may also like this video