Site iconSite icon Janayugom Online

കാർബൺ രഹിത കേരളം ലക്ഷ്യം: മന്ത്രി

സുസ്ഥിര വികസനത്തിനും ഹരിതഭാവിയിലേക്കുള്ള കേരളത്തിന്റെ യാത്രയ്ക്കും ഊർജ സ്വയംപര്യാപ്തത അനിവാര്യമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ജനകീയ കൂട്ടായ്മകളിലൂടെയും നവീന സാങ്കേതികവിദ്യകളിലൂടെയും കാർബൺ രഹിത കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കൊച്ചി പനങ്ങാട് കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല ക്യാമ്പസിൽ പ്രൊഫ വി കെ ദാമോദരൻ നഗറിൽ മൂന്നാമത് കേരള രാജ്യാന്തര ഊർജ മേള ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ‘കേരളത്തിന്റെ ഊർജ ഭാവിയെ ശാക്തീകരിക്കുക’ എന്നതാണ് ഈ വർഷത്തെ മേളയുടെ പ്രമേയം. സാധാരണക്കാർക്ക് നവീന ഊർജ സാങ്കേതികവിദ്യകൾ നേരിട്ട് മനസിലാക്കാനും അവയുടെ ഗുണനിലവാരം വിലയിരുത്താനും മേള അവസരം ഒരുക്കുന്നു.
മേളയുടെ പ്രധാന ആകർഷണമായ ഗ്രീൻ എക്‌സ്‌പോ’യിൽ ഊർജക്ഷമതയുള്ള ഗൃഹോപകരണങ്ങൾ, ബാറ്ററി സാങ്കേതികവിദ്യ, ഇലക്ട്രിക് വാഹനങ്ങൾ, സൗരോർജ ഉല്പന്നങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനം ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങൾക്കും സംരംഭകർക്കുമായി സുരക്ഷിതവും ലാഭകരവുമായ വൈദ്യുതി പാചകമായ ഇ‑കുക്കിംഗ് വിഷയത്തിൽ പ്രായോഗിക പരിശീലനവും നൽകുന്നു. ഇത് ഊർജ ഉപഭോഗ ശീലങ്ങളിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കെ ബാബു എംഎൽഎ അധ്യക്ഷനായി. ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ മുഖ്യപ്രഭാഷണം നടത്തി. കുഫോസ് വൈസ് ചാൻസലർ ഡോ. എ ബിജുകുമാർ സ്ഥാപകദിന പ്രഭാഷണം നടത്തി.

Exit mobile version