Site iconSite icon Janayugom Online

കശുമാങ്ങയില്‍ നിന്നും കാര്‍ബണേറ്റഡ് പാനീയം ; പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അത്യാധുനിക ഫാക്ടറി ഉദ്ഘാടനം ചെയ്തു

പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കീഴില്‍ ജില്ലയില്‍ കശുമാങ്ങ പഴച്ചാര്‍ സംസ്‌കരണ ഫാക്ടറി ആരംഭിച്ചു. പിസികെ കാസര്‍കോട് എസ്റ്റേറ്റിലെ മുളിയാറില്‍ സ്ഥാപിച്ച ഫാക്ടറി കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കശുമാങ്ങയുടെ പഴച്ചാറില്‍ നിന്ന് കാര്‍ബണേറ്റഡ് പാനീയം ഉത്പാദിപ്പിക്കുന്നതിനുള്ള യന്ത്രവത്കൃത ഫാക്ടറിയാണ് നിലവില്‍ വന്നത്. ഇതിലൂടെ ഓഷിയാന എന്ന കാര്‍ബണേറ്റഡ് ഡ്രിംങ് ആണ് ഉല്‍പ്പാദിപ്പിക്കുന്നത്. കശുമാങ്ങ ശേഖരിച്ച് കഴുകി വൃത്തിയാക്കി മെഷീനില്‍ പിഴിഞ്ഞ് പഴച്ചാര്‍ ശേഖരിച്ച് ഇതിന്റെ ചവര്‍പ്പ് മാറ്റും. ഇതില്‍ ആവശ്യമായ പ്രിസര്‍വേറ്റീവ്‌സ് ചേര്‍ത്ത് ഏറെകാലം സൂക്ഷിച്ചുവെയ്ക്കാം. ഈ സിറപ്പ് ഒരു വര്‍ഷം വരെ കേടുകൂടാതെ ഇരിക്കും. ഈ സിറപ്പില്‍ കാര്‍ബണേറ്റഡ് വെള്ളം ചേര്‍ത്താല്‍ രുചിയുള്ള കശുമാങ്ങ ജ്യൂസാകും.

 

നിലവില്‍ പിസികെക്ക് കീഴില്‍ കശുമാങ്ങയുടെ പഴച്ചാറില്‍ നിന്ന് ജ്യൂസ് ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇതു സൂക്ഷിച്ച് വെക്കുന്നത് ഉള്‍പ്പെടെ വെല്ലുവിളിയായിരുന്നു. ഇതിന് പരിഹാരമായാണ് കാര്‍ബണേറ്റഡ് ജ്യൂസ് ഉണ്ടാക്കുന്നത്. കാസര്‍കോട് പെരിയയില്‍ കശുമാങ്ങ ജ്യൂസ് സംസ്‌കരിച്ച് അതില്‍ നിന്ന് കറ കളഞ്ഞ് ജ്യൂസായി വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതു ചെറിയ തോതില്‍ മാത്രമാണ്. വ്യാവസായിക അടിസ്ഥാനത്തില്‍ ഇതു സാധ്യമായിട്ടില്ല. പുതിയ ഫാക്ടറി വന്നതോടെ കശുമാങ്ങയില്‍ നിന്ന് സിറപ്പ് ശേരിച്ച് സൂക്ഷിച്ച് വെക്കാനും അതിലൂടെ കാര്‍ബണേറ്റഡ് പാനീയമായി ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനാണ് പദ്ധതി. നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് തന്നെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന (ആര്‍കെവിവൈ) — ആര്‍എഎഫ്ടിഎഎആര്‍ പദ്ധതിയുടെ കീഴില്‍ രണ്ടര കോടി രൂപ ചെലവഴിച്ചാണ് ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക്ക് സിസ്റ്റമായാണ് ഫാക്ടറി പ്രവര്‍ത്തിക്കുക.

 

കശുമാങ്ങ വൃത്തിയാക്കല്‍, ശേഖരം തുടങ്ങിയവക്ക് മാത്രമാണ് തൊഴിലാളികള്‍ ആവശ്യമായി വരിക. നിലവില്‍ പൊതുജനങ്ങളില്‍ നിന്ന് കശുമാങ്ങയും കശുവണ്ടി ഉള്‍പ്പെടെ കിലോയ്ക്ക് 25 രൂപ നിരക്കിലാണ് സംഭരിക്കുന്നുണ്ട്. ഈ വിലയില്‍ ആവശ്യകത അനുസരിച്ച് മാറ്റം വരുത്തുമെന്നും അധികൃതകര്‍ പറഞ്ഞു. ജില്ലയില്‍ പിസികെക്ക് കീഴില്‍ 3000 ഹെക്ടര്‍ കശുമാവിന്‍ തോട്ടങ്ങളാണുള്ളത്. കാസര്‍കോട് എസ്റ്റേറ്റില്‍ മാത്രം 1520 ഹെക്ടറുമുണ്ട്. കാസര്‍കോട്, രാജപുരം, ചീമേനി എസ്റ്റേറ്റുകളിലാണ് കശുമാങ്ങ സംഭരിക്കുക. അതില്‍നിന്നാണ് ജ്യൂസ് ഉത്പാദിപ്പിക്കുന്നത്. കശുമാങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന പാനീയങ്ങള്‍ക്ക് പോഷകഗുണവും രുചിയും കൂടുതലാണെന്നതിനാല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് പിസ കെ യുടെ കണക്കുകൂട്ടല്‍. ഉദ്ഘാടന പരിപാടിയില്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. പിസികെ ചെയര്‍മാന്‍ ഒ പി അബ്ദുള്‍ സലാം സ്വാഗതം പറഞ്ഞു.

Exit mobile version