Site iconSite icon Janayugom Online

കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു

സീറോ മലബാർ സഭയുടെ അധ്യക്ഷ സ്ഥാനം മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി രാജിവച്ചു. മാർപ്പാപ്പ രാജി അംഗീകരിച്ചുവെന്നും സ്ഥാനമൊഴിയുകയാണെന്നും സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ ജോർജ് ആലഞ്ചേരി അറിയിച്ചു. 2019 ജൂലൈയിൽ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു. ഇതിനുപിന്നാലെ സിനഡ് അഭിപ്രായം തേടുകയും ചെയ്തു. 2022 നവംബർ 22നാണ് മാർപ്പാപ്പയ്ക്ക് രാജി സമര്‍പ്പിച്ചത്. ഒരു വർഷത്തിന് ശേഷമാണ് മാർപ്പാപ്പ രാജി അംഗീകരിച്ചതെന്നും ജോർജ് ആലഞ്ചേരി പറഞ്ഞു. കർദിനാൾ എന്ന നിലയിൽ ചുമതലകൾ തുടരുമെന്നും സന്തോഷത്തോടെയാണ് സ്ഥാനം ഒഴിയുന്നതെന്നും മാർ ആലഞ്ചേരി അറിയിച്ചു. 

മേജർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ താൽക്കാലിക അധ്യക്ഷനാകും. ആലഞ്ചേരിക്ക് പകരക്കാരനെ സിനഡ് ജനുവരിയിൽ തീരുമാനിക്കും. ആലഞ്ചേരി ഇനി മേജർ ആർച്ച് ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അഡ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്. കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വിവാദങ്ങളിലൂടെ സഞ്ചരിച്ച സഭാധ്യക്ഷനായിരുന്നു ജോർജ് ആലഞ്ചേരി. 

കഴിഞ്ഞ കുറച്ചുവർഷങ്ങളായി സഭയെ വരിഞ്ഞുമുറുക്കിയ ഭൂമി വില്പനയും കുർബാന വിവാദവുമാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് പ്രധാനമായും വഴിതുറന്നത്. 2012 ഫെബ്രുവരി 18ന് കർദിനാൾ വർക്കി വിതയത്തിലിന്റെ പിൻഗാമിയായിട്ടാണ് ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്. എറണാകുളത്തുകാരനല്ലാത്ത ഒരാൾ എറണാകുളം-അങ്കമാലി അതിരൂപതയുടെ തലപ്പത്തെത്തിയെന്ന സുപ്രധാന നേട്ടവും ആലഞ്ചേരി സ്വന്തമാക്കിയിരുന്നു. 

Eng­lish Summary:Cardinal george alencher­ry resigned

You may also like this video

Exit mobile version