Site icon Janayugom Online

കണ്ണൂരില്‍ നിന്ന് കാർഗോ വിമാന സർവീസ് ആരംഭിക്കുന്നു

flight

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാർഗോ വിമാന സർവീസ് ആരംഭിക്കുന്നു. ഈ മാസം 17ന് ആദ്യ കാർഗോ വിമാനം പറന്നുയരും. കൊച്ചി ആസ്ഥാനമായ ദ്രവിഡിയൻ ഏവിയേഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡാണ് സർവീസ് നടത്തുന്നത്. ഷാർജയിലേക്കാണ് ആദ്യ വിമാനമെന്ന് എംഡി ഉമേഷ് കമത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

രണ്ടാമത്തെ വിമാനം 18ന് ദോഹയിലേക്കും സർവീസ് നടത്തും. ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ രണ്ട് ദിവസമാണ് സർവീസ് ഉണ്ടായിരിക്കുക. ഓണം പ്രമാണിച്ച് ഈ മാസം 23 മുതൽ 27 വരെ സ്പെഷൽ സർവീസുമുണ്ടായിരിക്കും. കാർഗോ സർവീസിനായി മാത്രം സംവിധാനമൊരുക്കിയ ബോയിങ് 737–1 വിമാനത്തിൽ പത്ത് ടൺ ഭാരശേഷിയുണ്ട്. പഴം, പച്ചക്കറി, വാഴയില, പൂക്കൾ എന്നിവയാണ് ആദ്യവിമാനങ്ങളിൽ ലഭിച്ചിട്ടുള്ള ചരക്കുകൾ. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്രാവിമാനങ്ങളിലാണ് ചരക്കുകൾ അയക്കുന്നത്. ഒരു വിമാനത്തിൽ രണ്ട് ടൺ ചരക്കുകൾ മാത്രമാണ് കൊണ്ടുപോകുന്നത്. അടുത്ത മാസം ഒമാൻ, ദമാം എന്നിവിടങ്ങളിലേക്കും കാർഗോ വിമാന സർവീസ് ആരംഭിക്കും. കണ്ണൂരിലേക്ക് തിരിച്ചും ചരക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മനസിലാക്കിയിട്ടുള്ളതെന്ന് ഉമേഷ് കമത്ത് പറഞ്ഞു. 

കൈത്തറി, ഖാദി, കരകൗശലം, വെങ്കലശില്പ നിർമ്മാണം, മൺ പാത്ര നിർമ്മാണം, പായ നിർമ്മാണം, മുളയുല്പന്നങ്ങൾ തുടങ്ങി ഉത്തരമലബാറിന്റെ പരമ്പരാഗത മേഖലയിൽ തൊഴിലെടുക്കുന്നവർക്കും ചാർട്ടർ എയർ ക്രാഫ്റ്റ് സംവിധാനം ഗുണകരമാവും. തുടക്കത്തിൽ രണ്ട് ഗൾഫ് രാജ്യങ്ങളിലേക്കാണ് ചരക്കുനീക്കമെങ്കിലും യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് നടത്താൻ ഉദ്ദേശ്യമുണ്ട്. 

Eng­lish Sum­ma­ry: Car­go flight ser­vice starts from Kannur

You may also like this video

Exit mobile version