Site iconSite icon Janayugom Online

ഈ കാര്‍ട്ടൂണത്ര ചെറുതല്ല; 87 മുതല്‍ 21 വരെ..

arunimajarunimaj

രേഖകളിലൂടെ ചരിത്രം രേഖപ്പെടുത്താന്‍ ശ്രമിക്കട്ടെ. വിതാനം ചെയ്യാന്‍ കഴിയാത്ത പ്രധാന സംഭവങ്ങള്‍ കാര്‍ട്ടൂണ്‍ സീരിയലിലെ മൗനമായി കണ്ട് വിട്ടഭാഗം പൂരിപ്പിക്കാന്‍ അപേക്ഷ”. കാര്‍ട്ടൂണിസ്റ്റിന്റെ വാക്കുകള്‍ വായിച്ച് മുഖത്ത് ഒരു പുഞ്ചിരിയുമായി മുന്നോട്ട് ചെല്ലുമ്പോള്‍ കാഴ്ചക്കാരെ കാത്തിരിക്കുന്നത് 1991 മുതലുള്ള രസകരമായ സംഭവങ്ങളാണ്. ചരിത്രത്തിലെ രാഷ്ട്രീയ പ്രാധാന്യമുള്ള ഏടുകളെ നര്‍മ്മവും യുക്തിയും കലര്‍ത്തി വരകളിലൂടെ കാര്‍ട്ടൂണിസ്റ്റ് ഇ സുരേഷ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാദമി ഹാളിലാണ്.
ഒരു തരത്തില്‍ സ്വാതന്ത്ര്യത്തിന്റെ ആഘോഷമാണ് ഓരോ കാര്‍ട്ടൂണുകളും. നല്ല കാര്‍ട്ടൂണുകള്‍ പിറക്കുന്നതാകട്ടെ സുതാര്യവും വ്യക്തവുമായ രാഷ്ട്രീയാന്തരീക്ഷത്തിലാണ്. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുക എന്നതാകണം ഓരോ കലാകാരന്മാരുടെയും ലക്ഷ്യമെന്ന് സുരേഷ് തന്റെ കാര്‍ട്ടൂണുകളിലൂടെ വ്യക്തമാക്കുന്നു. 1987 മുതലാണ് സുരേഷ് കാര്‍ട്ടൂണുകളുടെ ലോകത്തേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ യാദൃശ്ചികമായാണ് കൂടുതല്‍ കലാകാരന്‍മാരും അവരവരുടെ മേഖലകളിലെത്തുന്നത്.
ഒരു നിമിത്തംപോലെ എന്നു പറയുന്നതാകും നല്ലത്. എഴുത്തിനോട് ആയിരുന്നു ആദ്യം ഇഷ്ടം. എഴുത്തില്‍ നിന്നാണ് പതിയെ ചിത്രരചനയിലേക്ക് തിരിയുന്നത്. ഒരു കലാകാരന്റെ അതിജീവനമായിരുന്നു സുരേഷിന്റെ ജീവിതം.
ജനയുഗം, മാതൃഭൂമി, ദേശാഭിമാനി, കൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സുരേഷിന്റെ കാര്‍ട്ടൂണുകള്‍ പംക്തികളായി ഉള്‍പ്പെടുത്തിയിരുന്നു. 1993ല്‍ ഡല്‍ഹിയിലെത്തിയ അദ്ദേഹം ഇല്ലൂസ്ട്രേഷനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
പിന്നീട് രാഷ്ട്രീയാന്തരീക്ഷത്തെ ക്കുറിച്ച് മനസിലാക്കിയ സുരേഷ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ ലോകത്തേക്ക് ചുവടു വച്ചു. 1991ലെ നരസിംഹറാവുവിന്റെ കാലം മുതല്‍ 2021ലെ മോഡികാലം വരെ സുരേഷിന്റെ വരകളിലുണ്ട്.
ലളിതകലാ അക്കാദമിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് തെരഞ്ഞെടുത്ത 50 കാര്‍ട്ടൂണുകളാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്ന കാര്‍ട്ടൂണുകളാണ് ഏറെയും.
മോഡി ഭരണകാലത്തെ നര്‍മം കലര്‍ത്തി അവതരിപ്പിക്കുന്നതില്‍ സുരേഷ് വിജയിച്ചുവെന്ന് പറയാതെ വയ്യ. കൊറോണ കാലമാണ് പഴയ കാര്‍ട്ടൂണുകളിലേക്ക് സുരേഷിനെ വീണ്ടും എത്തിച്ചത്.
അങ്ങനെയാണ് എക്സിബിഷന്‍ ഹാളില്‍ മോഡിക്കൊപ്പം മന്‍മോഹന്‍ സിങും ദേവഗൗഡയുമൊക്കെ ഇടം പിടിക്കുന്നത്.
കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന അവാര്‍ഡുകളും ഒന്നിലധികം തവണ പ്രത്യേക പരാമര്‍ശങ്ങളും നേടിയ കാര്‍ട്ടൂണിസ്റ്റാണ് സുരേഷ്. കടലിന്റെ വക്കത്ത് ഒരു വീട്, ദി ഹട്ട് എന്ന് ഷോര്‍ട്ട് ഫിലിമുകളും അഞ്ചോളം ഡോക്യുമെന്ററികളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് ആരംഭിച്ച ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം എട്ടിന് അവസാനിക്കും. 

You may like this video also

Exit mobile version