Site iconSite icon Janayugom Online

എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ വനിത ഡോക്ടര്‍ക്കെതിരെ കേസ്

എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണി മുഴക്കിയ വനിത ഡോക്ടർക്കെതിരെ കേസ്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ക്യാബിൻ ജീവനക്കാരോട് മോശമായി പെരുമാറുകയും വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് 36 കാരിയായ വനിതാ ഡോക്ടറെയാണ് ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വ ഉച്ചയ്ക്ക് 2.30 ഓടെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (കെഐഎ) സൂററ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് IX2749 വിമാനം പറന്നുയരുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് സംഭവം നടന്നത്. 

യാത്രക്കാരിയായ വ്യാസ് ഹിരാൽ മോഹൻഭായി തന്റെ ബാഗേജ് വിമാനത്തിന്റെ ആദ്യസീറ്റിൽ വച്ചശേഷം പിന്നിലുള്ള സ്വന്തം സീറ്റിൽ പോയി ഇരുന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ബാഗ് മറ്റൊരു സീറ്റിൽ വയ്ക്കുന്നതിനെ ക്യാബിൻ ക്രൂ എതിർക്കുകയും സീറ്റിനടുത്തുള്ള ഓവർഹെഡ് കമ്പാർട്ടുമെന്റിൽ സൂക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ ഡോക്ടർ ഇത് നിരസിക്കുകയും പകരം, തന്റെ ബാഗ് തന്റെ സീറ്റിലേക്ക് മാറ്റാൻ ക്രൂവിനോട് ആവശ്യപ്പെട്ടുവെന്നും പറയുന്നു.പൈലറ്റടക്കമുള്ള ജീവനക്കാർ ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന യാത്രക്കാരി പിന്നീട് മോശമായി പെരുമാറി. 

വിഷയത്തിൽ ഇടപെട്ട സഹയാത്രികരോടും ഇവർ ദേഷ്യപ്പെട്ടു. തുടർന്ന് വിമാനം തകർക്കുമെന്ന് ഭീഷണി മുഴക്കി എന്നാണ് കേസ്. പൈലറ്റും ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. തുടർന്ന് ഉദ്യോ​ഗസ്ഥരെത്തി ഇവരെ വിമാനത്തിൽ നിന്ന് പുറത്തിറക്കുകയായിരുന്നു. സ്ത്രീയുടെ പെരുമാറ്റം ബാക്കിയുള്ള യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായിരുന്നുവെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിഎൻഎസ് സെക്ഷൻ 351 (4), 353 (1) (ബി), സിവിൽ ഏവിയേഷൻ സുരക്ഷാ നിയമത്തിലെ സെക്ഷൻ 3(1) (എ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Exit mobile version