വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് അറസ്റ്റില്‍. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബെയ്ലിൻ പൊലീസിന്റെ പിടിയിലാകുന്നത്. കാറിൽ സഞ്ചരിക്കുന്നതിനിടെ ബെയ്‌ലിൻ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുന്നില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിലെ വാദം. ബോധപൂർവ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയ്‌ലിൻ ദാസ് വാദിച്ചു.
വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് ബെയ്‌ലിൻ ജൂനിയർ അഭിഭാഷക ശ്യാമിലിയെ മർദിച്ചത്. പ്രതിയായ അഭിഭാഷകനെ ശ്യാമിലി മർദ്ദിച്ചെന്ന ബാർ അസോസിയഷൻ സെക്രട്ടറി ജി മുരളീധരന്‍റെ പ്രസ്താവന കള്ളമാണെന്നും കുടുംബം വ്യക്തമാക്കി. തുമ്പ സ്‌റ്റേഷനില്‍നിന്ന് വഞ്ചിയൂര്‍ സ്‌റ്റേഷനിലേക്ക് എത്തിച്ച ബെയ്‌ലിന്‍ ദാസിനെ ചോദ്യം ചെയ്തതിന് ശേഷം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

