Site iconSite icon Janayugom Online

അടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: മന്ത്രവാദി അറസ്റ്റില്‍

അടൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍. ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമന്‍ ആണ് പിടിയിലായത്. 9 പ്രതികളുള്ള കേസില്‍ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് കൗണ്‍സലിങ് നല്‍കിയപ്പോഴാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ ഓരോന്നായി കുട്ടി തുറന്നു പറഞ്ഞത്. നീണ്ടകാലത്തെ പീഡന പരമ്പര വെളിവായതിനെ തുടര്‍ന്ന് അടൂര്‍ പൊലീസ് ഒന്‍പത് സംഭവങ്ങളിലായി ഒന്‍പത് കേസെടുത്തിരുന്നു. വിവിധ കേസുകളിലായി ഒന്‍പത് പ്രതികളാണുള്ളത്. നാലു പ്രതികളെ നേരത്തെ തന്നെ പിടികൂടിയിരുന്നു. കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉപദ്രവിച്ച കേസിലാണ് ബദര്‍ സമന്‍ അറസ്റ്റിലായത്.

2019ല്‍ കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കള്‍ ആണ് മന്ത്രവാദിയായ ബദര്‍ സമന്റെ അരികില്‍ കുട്ടിയെ കൊണ്ടുപോയത്. മാതാപിതാക്കളെ പുറത്തുനിര്‍ത്തിയ ശേഷം വാതില്‍ അടച്ച് മുറിക്കുള്ളില്‍ വച്ച് ബദര്‍ സമന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ദിവസം കൗണ്‍സലിങ്ങിനിടെയാണ് കുട്ടി തനിക്ക് ഉണ്ടായ ദുരനുഭവം വിവരിച്ചത്. തുടര്‍ന്ന് അടൂര്‍ പൊലീസ് കേസെടുക്കുകയും നൂറനാട് പൊലീസിന് കേസ് കൈമാറുകയും ചെയ്തു. നൂറനാട് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. കേസില്‍ ഇതിന് മുന്‍പ് അഞ്ചുപേരാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ സഹപാഠി, ബന്ധുക്കള്‍, കുടുംബ സുഹൃത്തുക്കള്‍ തുടങ്ങിയവരാണ് കേസില്‍ പ്രതിയായിട്ടുള്ളത്.

പെണ്‍കുട്ടിക്ക് ആദ്യ ദുരനുഭവം ഉണ്ടായത് മന്ത്രവാദിയില്‍ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആ സമയത്ത് കുട്ടി നടന്ന സംഭവം ആരോടും പറഞ്ഞിരുന്നില്ല. അടുത്തിടെ കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മാനസികമായി തളര്‍ന്ന വിദ്യാര്‍ഥിനി സ്‌കൂളില്‍ പോകാന്‍ മടിച്ചു. പെണ്‍കുട്ടി സ്‌കൂളില്‍ വരാതായതോടെ കാര്യം അറിയാന്‍ അധ്യാപകര്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ പെണ്‍കുട്ടി വിവരിച്ചതെന്നും പൊലീസ് പറയുന്നു.

Exit mobile version