Site iconSite icon Janayugom Online

മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: കുറ്റം നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമൻ

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റം നിഷേധിച്ച് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്. പൊലീസ് ഹാജരാക്കിയ കുറ്റപത്രം കോടതി വായിച്ച് കേൾപ്പിച്ചപ്പോഴാണ് ശ്രീറാം കുറ്റം നിഷേധിച്ചത്. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ പി അനിൽ കുമാറാണ് കേസ് പരിഗണിച്ചത്. പ്രതിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കൽ, തെളിവ് നശിപ്പിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്. 

മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ഒപ്പം അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിച്ചു എന്ന കുറ്റം എങ്ങനെ നിലനിൽക്കും എന്ന് കോടതി ചോദിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കുറ്റം നിലനിർത്തണമെങ്കിൽ അശ്രദ്ധമായ പ്രവർത്തികൊണ്ട് ഉണ്ടായ മനപൂർവമല്ലാത്ത നരഹത്യ എന്ന കുറ്റമല്ലേ ചുമത്തേണ്ടതെന്നും കോടതി പ്രോസിക്യൂട്ടറോട് ചോദിച്ചു. വ്യക്തമായ മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ കുറ്റപത്രം കോടതി പ്രതിയെ വായിച്ച് കേൾപ്പിച്ചു. മനപൂർവമല്ലാത്ത നരഹത്യക്ക് 10 വർഷം കഠിന തടവും പിഴയുമാണ് ശിക്ഷ. എന്നാൽ അശ്രദ്ധ കൊണ്ട് ഉണ്ടാകുന്ന മനപൂർവമല്ലാത്ത നരഹത്യക്ക് രണ്ട് വർഷം കഠിന തടവും പിഴയുമാണ് ശിക്ഷ. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും പെൺ സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് ബഷീർ മരിച്ചത്. 

You may also like this video

Exit mobile version