ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തു വന്നിരിക്കുന്ന സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അങ്ങേയറ്റം ഗൗരവമുള്ളതാണ്. കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ മുഖം നോക്കാതെ കേസ് രജിസ്റ്റർ ചെയ്തു കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണമെന്നും സിനിമാ മേഖലയിൽ ഉൾപ്പെടെ എല്ലാ തൊഴിലിടങ്ങളിലും സ്ത്രീ സുരക്ഷ ഉറപ്പു വരുത്താൻ നടപടി സ്വീകരിക്കണമെന്നും എറണാകുളം ടൗൺ ഹാളിൽ ചേർന്ന എഐടിയുസി സംസ്ഥാന തൊഴിൽ സംരക്ഷണ കൺവൻഷൻ ആവശ്യപ്പെട്ടു.
കേരളത്തിലെ സിനിമ വ്യവസായം വലിയതോതിൽ സാമ്പത്തിക നിക്ഷേപം ഉള്ളതും ആയിരക്കണക്കിനു പേർ ജോലിയെടുക്കുന്നതുമാണ്. ആധുനിക സമൂഹത്തിന്റെ സാമൂഹിക- സാംസ്കാരിക മുന്നേറ്റങ്ങളിൽ സ്വാധീനം ചെലുത്തുന്നതിൽ സിനിമയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്.. മലയാള സിനിമാരംഗം ഇതിനകം തന്നെ ലോക നിലവാരത്തിൽ ശ്രദ്ധയാകർഷിച്ചിട്ടുള്ളതുമാണ്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്ന വിവരങ്ങൾ കേരളീയ സമൂഹം ഇതുവരെ നേടിയ എല്ലാ ജനാധിപത്യ സങ്കൽപ്പങ്ങളേയും തൊഴിലവകാശങ്ങളേയും നിരാകരിക്കുന്നതും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതുമാണ്. തുല്യ ജോലിക്ക് തുല്യ വേതനം എന്ന ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമായി നടീ നടൻമാർ തമ്മിൽ വേതനത്തിലുള്ള ആന്തരം മറ്റേതൊരു രംഗത്ത് ഉള്ളതിനേക്കാൾ വലുതാണ്. സെറ്റിൽ കാരവൻ വരെ ഉപയോഗിക്കുന്ന താരങ്ങൾ ഉള്ള സിനിമ മേഖലയിൽ സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങും സുരക്ഷിതമായ താമസ സൗകര്യങ്ങളും നിഷേധിക്കുന്നത് ഒരിക്കലും ന്യായികരിക്കാവുന്നതല്ല
സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ പുറത്തു പറയാൻ കഴിയാത്ത നിലയിലുള്ള അടിമത്തമാണ് സിനിമ മേഖലയിൽ ഉള്ളത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കുറ്റക്കാരെ ശിക്ഷിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും, എല്ലാ തൊഴിലിടങ്ങളിലും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും ലിംഗപരമായ വിവേചനം ഒരു തൊഴിൽ രംഗത്തും അനുവദിക്കരുതെന്നും കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങൾ ഉന്നയിച്ച് 28 ബുധനാഴ്ച എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എഐടിയുസി നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുവാനും കൺവൻഷൻ തീരുമാനിച്ചു.