Site iconSite icon Janayugom Online

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍: ഹൈക്കോടതിയിലെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി

ജനപ്രതിനിധികള്‍ക്കെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷമായി തീര്‍പ്പുകല്പിക്കാതെ കിടക്കുന്ന കേസുകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. നാലാഴ്ചയ്ക്കുള്ളില്‍ എല്ലാ ഹൈക്കോടതികളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയം സംബന്ധിച്ച് കോടതി നിയമിച്ച അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കെയായിരുന്നു ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമാ കോലി എന്നിവരുടെ ബെഞ്ചിന്റെ നടപടി. നിയമനിർമ്മാതാക്കൾക്കെതിരായ കേസുകളുടെ വിചാരണ നടത്തുന്ന ജുഡീഷ്യൽ ഓഫീസർമാരെ കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ മാറ്റരുതെന്ന 2021 ഓഗസ്റ്റ് 10ലെ ഉത്തരവിലും ബെഞ്ച് മാറ്റം വരുത്തി.

സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ ആവശ്യപ്പെട്ട് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സമര്‍പ്പിച്ച നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ പരാ‍മര്‍ശങ്ങളെ തുടര്‍ന്നായിരുന്നു ഈ നടപടി. അത്തരം ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥലം മാറ്റത്തിന് ഉത്തരവിടാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ള രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് അശ്വനി ഉപാധ്യായ 2016ല്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് പ്രത്യേക കോടതികൾ ആവശ്യമാണെന്ന് ഹൻസാരിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഏതൊക്കെ നിര്‍ദ്ദേശങ്ങളാണ് പാസാക്കേണ്ടെന്നത് സംബന്ധിച്ച് കുറിപ്പ് തയാറാക്കാനും കേസില്‍ അടുത്തവാദം കേള്‍ക്കുമ്പോള്‍ ഇത് പരിഗണിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.

Eng­lish Sum­ma­ry: Cas­es against peo­ple’s rep­re­sen­ta­tives: Supreme Court seeks infor­ma­tion from high court
You may also like this video

Exit mobile version