Site iconSite icon Janayugom Online

അന്നഭാഗ്യ: കേന്ദ്രസര്‍ക്കാര്‍ ഇടങ്കോലിട്ടു; അരിക്ക് പകരം പണം

anna bhaygyaanna bhaygya

തെരഞ്ഞടുപ്പ് വാഗ്ദാനമായ അന്ന ഭാഗ്യ പദ്ധതി വഴി ജനങ്ങള്‍ക്ക് അഞ്ച് കിലോഗ്രാം അരി സൗജന്യമായി വിതരണം ചെയ്യാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചതിനെ മറികടക്കാന്‍ കര്‍ണാടക. അഞ്ച് കിലോഗ്രാം അരി നേരിട്ടും ബാക്കി അഞ്ച് കിലോഗ്രാം അരിക്ക് വരുന്ന പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനും സർക്കാർ തീരുമാനിച്ചു. 

എഫ്സിഐയില്‍ നിന്ന് അരിസംഭരിച്ച് സൗജന്യമായി ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള തീരുമാനം ആദ്യഘട്ടത്തില്‍ അംഗീകരിച്ച എഫ്സിഐ കേന്ദ്ര സര്‍ക്കാര്‍ വിരട്ടിയതോടെ പിന്‍മാറിയത് വന്‍വിവാദമായിരുന്നു. സംസ്ഥാനത്ത് തുടര്‍ ഭരണം ലഭിക്കുമെന്ന് പ്രതിക്ഷീച്ചിരുന്ന ബിജെപി ഭരണം കൈവിട്ടതോടെ പ്രതിപക്ഷ സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ തന്ത്രം പ്രയോഗിച്ചത്. ബിപിഎല്‍, അന്ത്യോദയ കാര്‍ഡുകള്‍ക്കാണ് ആനുകൂല്യം. 

റേഷന്‍ വിഹിതമല്ലാതെ സംസ്ഥാനങ്ങള്‍ക്ക് എഫ്സിഐ നേരിട്ട് അരി വിതരണം ചെയ്ത് വന്നിരുന്ന നടപടി ഏകപക്ഷീയമായി കേന്ദ്രം നിര്‍ത്തലാക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. എഫ്സിഐ പൊതുവിപണിയില്‍ വില്‍ക്കുന്ന വില നല്‍കി അരി വാങ്ങാന്‍ വീണ്ടും ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് അരിക്ക് പകരം പണം നേരിട്ട് നല്‍കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി കെ എച്ച് മുനിയപ്പ പറഞ്ഞു. ജൂലൈ ഒന്നു മുതല്‍ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രതിമാസം 170 രൂപ കണക്കില്‍ പണം ലഭ്യമാക്കുമെന്നും ഉടമകളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് 850 രൂപ ലഭിക്കും. അരി ലഭ്യമാകുന്നതുവരെ ഈ സംവിധാനം തുടരുമെന്നും മന്ത്രി അറിയിച്ചു.

അന്ന ഭാഗ്യ പദ്ധതിക്കായി കര്‍ണാടകക്ക് 4.45 ലക്ഷം മെട്രിക് ടണ്‍ അരി ആവശ്യമാണ്. ഇതില്‍ 2.17 ലക്ഷം മെട്രിക് ടണ്‍ അരി ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നല്‍കും. ബാക്കിയുള്ള 2.28 ലക്ഷം മെട്രിക് ടണ്‍ അരിയായിരുന്നു സംസ്ഥാനം സ്വന്തമായി കണ്ടെത്തേണ്ടിയിരുന്നത്. നേരത്തെ അരി ലഭിക്കാൻ ആന്ധ്രാ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പഞ്ചാബും ഛത്തീസ്ഗഡും അരി നൽകാമെന്ന് ഏറ്റെങ്കിലും അതും പര്യാപ്തമായിരുന്നില്ല. കൂടിയ വിലയ്ക്ക് അരിയെത്തിച്ച് വിതരണം ചെയ്യുന്നതിനുള്ള ചെലവ് കണക്കിലെടുക്കുമ്പോള്‍ കാര്‍ഡ് ഉടമകള്‍ക്ക് നേരിട്ട് പണം നല്‍കുന്നതിലൂടെ കോടികള്‍ ലാഭിക്കാനും സര്‍ക്കാരിന് കഴിയുമെന്നാണ് വിലയിരുത്തല്‍. 

You may also like this video

Exit mobile version