ജയിലുകളില്‍ തടവുകാര്‍ക്കു ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്നതിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇതുസംബന്ധിച്ച് നിര്‍ണായക മാര്‍ഗനിര്‍ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു. ജാതിയുടെ അടിസ്ഥാനത്തില്‍ ജോലി നല്‍കുന്ന പല സംസ്ഥാനങ്ങളിലെയും ജയില്‍ മാന്വല്‍ വ്യവസ്ഥകള്‍ കോടതി റദ്ദാക്കി. ജയില്‍ രജിസ്റ്ററിലെ ജാതിക്കോളങ്ങള്‍ നിര്‍ബന്ധമായും ഇല്ലാതാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പിന്നാക്ക ജാതിക്കാരായ തടവുകാര്‍ക്കു ശുചീകരണവും തൂത്തുവാരലും ഉയര്‍ന്ന ജാതിയിലുള്ള തടവുകാര്‍ക്കു പാചക ജോലിയും നല്‍കുന്നതു പ്രത്യക്ഷത്തിലുള്ള ജാതി വിവേചനവും ഭരണഘടനയുടെ അനുച്‌ഛേദം 15 ന്റെ ലംഘനവുമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഉത്തർപ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാൾ, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിൽ മാനുവലുകളിലാണ് ജാതി തിരിച്ചുള്ള വ്യവസ്ഥകൾ നിലനിൽക്കുന്നത്. ബ്രാഹ്‌മണരായ തടവുകാരെ പാചക ജോലികള്‍ക്ക് നിയമിക്കണമെന്ന് രാജസ്ഥാനിലെ ജയിൽ രേഖകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇംഗ്ലിഷ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. ജയിൽ ശുചീകരിക്കുന്നതിന് പിന്നോക്ക ജാതിയിൽപ്പെട്ടവരെ ചുമതലപ്പെടുത്തുന്നതും പാചക ജോലികൾക്കായി മുന്നോക്ക ജാതിക്കാരെ പരിഗണിക്കുന്നതുമൊക്കെ ഭരണഘടനാ വിരുദ്ധമാണ്. എല്ലാ ജാതിയിൽപ്പെടുന്നവർക്കും ഒരേ രീതിയിലാണ് തൊഴിൽ നൽകേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. തടവുകാർക്ക് ജാതി അടിസ്ഥാനത്തിലല്ലാതെ ജോലി നൽകേണ്ടതില്ലെന്ന യുപിയിലെ ജയിൽ ചട്ടങ്ങളോടും കോടതി എതിർപ്പ് രേഖപ്പെടുത്തി. ജാതിയുടെ അടിസ്ഥാനത്തിൽ ജയിലുകളിൽ ജോലി ഏർപ്പെടുത്തുന്ന ചട്ടങ്ങളുള്ള സംസ്ഥാനങ്ങളോട് മൂന്ന് മാസത്തിനകം ഈ ജയിൽ മാനുവലുകൾ പരിഷ്‌കരിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സർക്കാരിന്റെ മാതൃകാ ജയിൽ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താനും കോടതി നിർദ്ദേശം നൽകി.