രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം സംബന്ധിച്ച് പഠനം നടത്തിയ യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യുജിസി) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരിഹാര നിര്‍ദേശമില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന പട്ടികജാതി-വര്‍ഗ- പിന്നാക്ക, ന്യൂനപക്ഷ വിവേചനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതിയാണ് യുജിസിയോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള സമിതിയാണ് വിഷയത്തില്‍ യാതൊരു പരിഹാര നിര്‍ദേശവുമില്ലാത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
രോഹിത് വെമുല, പായല്‍ തദ്‌വി എന്നീ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതി, സമിതിയെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടത്. വിഷയം ഗൗരവമുള്ളതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ആര്‍എസ്എസ് വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയുടെ മുന്‍ വൈസ് പ്രസിഡന്റും ഭാവനഗര്‍ മഹാരാജ കൃഷ്ണ കുമാര്‍സിന്‍ജി സര്‍വകലാശാലയിലെ വൈസ് ചാന്‍സിലറുമായ ഷൈലേശ് എന്‍ സാലയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സമിതിയെയാണ് യുജിസി നിയോഗിച്ചത്. സമിതിയിലെ മുഴുവന്‍ അംഗങ്ങളും ബിജെപി-സംഘ്പരിവാര്‍ ബന്ധമുള്ളവരായിരുന്നു. ഡല്‍ഹി സത്യവതി കോളജിലെ വിദ്യാര്‍ത്ഥി സംവരണം അട്ടിമറിച്ച് പ്രവേശനം നല്‍കിയതിലുടെ വിവാദ പുരുഷനായി മാറിയ ഡോ. വിജയ ശങ്കര്‍ മിശ്രയും ഉള്‍പ്പെട്ടിരുന്നു.
ഹൈദരാബാദ് സര്‍വകലശാല വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല 2016ലാണ് ആത്മഹത്യ ചെയ്തത്. എബിവിപി വിദ്യാര്‍ത്ഥിയെ മര്‍ദിച്ചുവെന്ന് ആരോപിച്ച് രോഹിതിനെയും അഞ്ച് വിദ്യാര്‍ത്ഥികളെയും കോളജില്‍ നിന്ന് പുറത്താക്കി മൂന്നാം ദിവസമായിരുന്ന ആത്മഹത്യ. അന്നത്തെ വിസിയായിരുന്ന അപ്പാറാവു പോഡില്ലെ, ബിജെപി എംഎല്‍സി എന്‍ രാമചന്ദ്ര റാവു, രണ്ട് എബിവിപി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ ചുമത്തിയെങ്കിലും കേസില്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
2019ലാണ് മഹാരാഷ്ട്രയിലെ ടോപിവാല നാഷണല്‍ മെഡിക്കല്‍ കോളജിലെ എംഡി വിദ്യാര്‍ത്ഥിനിയായിരുന്ന പായല്‍ തദ്‌വി ജാതി വിവേചനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. മുതിര്‍ന്ന ഡോക്ടര്‍മാരായ ഹേമ അഹുജ, ഭക്തി മെഹ്റ, അങ്കിത ഖണ്ഡേല്‍വാള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 1200 പേജ് വരുന്ന കുറ്റപത്രം തയ്യാറാക്കിയെങ്കിലും പ്രതികള്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത് കാരണം തുടര്‍നടപടികള്‍ മുടങ്ങിയിരിക്കുകയാണ്.
കാമ്പസിലും ഹോസ്റ്റലുകളിലും ദളിത്, ആദിവാസി, ന്യൂനപക്ഷ, പിന്നാക്ക വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ജാതി വിവേചനവും, അവഗണയും പഠിക്കാനും പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും നിയോഗിക്കപ്പെട്ട സമിതിയാണ് വിഷയത്തില്‍ യാതൊരു പരിഹാര നിര്‍ദേശവും മുന്നോട്ടുവയ്ക്കാത്തത്. യാതൊരു മുന്‍പരിചയവും ഇല്ലാത്തവരെയാണ് അംഗങ്ങളാക്കിയതെന്ന് സമിതി രൂപീകരണ നാളില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
English Summary: Caste Discrimination in Educational Institutions: UGC Report Without Remedial Proposal
You may also like this video