Site iconSite icon Janayugom Online

ജയിലുകളിലെ ജാതിവിവേചനവും സുപ്രീം കോടതി വിധിയും

“എല്ലാവരും തുല്യരായിട്ടാണ് ജനിക്കുന്നത്. സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ജാതിവിവേചനം എന്ന തിന്മ തുടച്ചുനീക്കാൻ നമുക്ക് കഴിയുന്നില്ല.” സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ജയിൽ മാന്വലുകളിലെ ചില വകുപ്പുകൾ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച വിധിന്യായത്തിലെ പ്രസക്തമായ ഭാഗങ്ങളാണ് മേൽപ്പറഞ്ഞവ. മറ്റു രണ്ട് ജഡ്ജിമാർക്കുവേണ്ടിക്കൂടി വിധി പ്രസ്താവം എഴുതിയ ചീഫ് ജസ്റ്റിസ് തടവുകാരുടെ ഇടയിലെ ജാതിവിവേചനവും ജാതിയടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനവും അയിത്തം (തൊട്ടുകൂടായ്മ) കല്പിക്കുന്നതിന് തുല്യമാണെന്നും വ്യക്തമാക്കി. മതം, വംശം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ പേരിലുള്ള ഒരു വിവേചനവും പാടില്ലായെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 15 വ്യക്തമാക്കിയിട്ടുള്ളതും വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചു. ഭരണകൂടം തന്നെ പൗരന്മാർക്കെതിരെ ജാതിവിവേചനം കാണിച്ചാൽ അത് വിവേചനത്തിന്റെ ഏറ്റവും ഉയർന്ന രൂപമാകും. രാഷ്ട്രം ജാതീയവിവേചനം തടയാനാണ് ശ്രമിക്കേണ്ടുന്നത്, അല്ലാതെ അത് നിലനിർത്താനല്ല. ജാതിവിവേചനം നിലനില്‍ക്കുന്നു എന്ന് കോടതിക്ക് ബോധ്യമായ ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ഒഡിഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടകം, തമിഴ്‌നാട്, കേരളം എന്നീ 11 സംസ്ഥാനങ്ങളുടെ ജയിൽ ചട്ടങ്ങളിലാണ് സുപ്രീം കോടതി ഭരണഘടനാ വിരുദ്ധത കണ്ടെത്തിയത്.

കോളനിവാഴ്ചക്കാലത്തെ ഓർമ്മിപ്പിക്കുന്ന ‘കുറ്റവാളി ഗോത്രം, സ്ഥിരം കുറ്റവാളികൾ, ജാതിയടിസ്ഥാനത്തിലുള്ള ജയിലിലെ തൊഴിൽ വിഭജനം’ ഇവയെല്ലാം റദ്ദുചെയ്ത കോടതി മൂന്നു മാസത്തിനകം ജയിൽ മാന്വലും ചട്ടങ്ങളും പരിഷ്കരിക്കാനും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകൾക്ക് സമയം അനുവദിച്ചിരിക്കുകയാണ്. കക്കൂസുകളുടെ ശുചീകരണവും തൂപ്പുജോലികളും ജാതിയടിസ്ഥാനത്തിൽ നൽകുന്നതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ”2013ലെ മാന്വൽ സ്കാവഞ്ചേഴ്സ് ആന്റ് ദെയർ റിഹാബിലിറ്റേഷൻ ആക്ട്” തോട്ടിപ്പണി നിരോധിച്ചിട്ടുണ്ട് എന്ന് ഓർമ്മിപ്പിച്ച കോടതി ഏറ്റവും താഴെത്തട്ടിലുള്ള ജാതിയിലുള്ള തടവുകാരെക്കൊണ്ട് തോട്ടിപ്പണി ചെയ്യിപ്പിക്കുന്നതും അവരെ ”സ്കാവഞ്ചർ ക്ലാസ്” എന്ന് പരാമർശിക്കുന്നതിനെയും ശക്തമായി അപലപിച്ചു.

1993ലാണ് ഇന്ത്യയിൽ മാന്വൽ സ്കാവഞ്ചിങ് (തോട്ടിപ്പണി) നിരോധിച്ചുകൊണ്ടുള്ള നിയമം ഉണ്ടാകുന്നത്. മനുഷ്യ വിസർജ്യം ചുമക്കുകയും എടുത്തുകൊണ്ടുപോവുകയും ചെയ്യുന്ന ശുചീകരണ തൊഴിലിനെയാണ് മാന്വൽ സ്കാവഞ്ചിങ് എന്ന് നിർവചിച്ചിരിക്കുന്നത്. ആരംഭകാലത്ത് അടിമകൾ ചെയ്തിരുന്ന ഈ ജോലി പിന്നീട് സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ദളിത് ജനവിഭാഗത്തിന്റെ തൊഴിലായി നിർണയിക്കപ്പെട്ടു. ഇന്ത്യയിൽ തോട്ടിപ്പണിയിൽ ഏർപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ദളിത് വിഭാഗം ‘വാല്മീകി’ ജാതിക്കാരാണ്. നിയമംമൂലം നിരോധിച്ചിട്ടും ഇന്ത്യയിൽ മാന്വൽ സ്കാവഞ്ചിങ് നിലനിൽക്കുന്നു എന്നു മാത്രമല്ല ഏറ്റവും കഷ്ടതയാർന്ന ജീവിതം നയിക്കുന്ന ഒരു വിഭാഗമായി തോട്ടിപ്പണിക്കാർ തുടരുന്നു. ആ സാഹചര്യത്തിലാണ് 1993ലെ നിയമവും ഇപ്പോൾ സുപ്രീം കോടതി പരാമർശിച്ച 2013ലെ നിയമവും രാജ്യത്ത് നടപ്പാക്കിയത്. തോട്ടിപ്പണി നിരോധിക്കുന്നതിനും ആ തൊഴിലിലേർപ്പെട്ടവരെ പുനരധിവസിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് 2013ലെ നിയമം. ഇന്നും വാല്മീകി സമുദായക്കാരുടെ ഒരു തൊഴിലായി പലരും തോട്ടിപ്പണിയെ കാണുന്നു.

2011ലെ സെൻസസ് പ്രകാരം 1,87,657 കുടുംബങ്ങൾ ഇന്ത്യയിൽ മാന്വൽ സ്കാവഞ്ചിങ്ങിൽ ഏർപ്പെട്ടിട്ടുണ്ട്. 7,94,000 തോട്ടിപ്പണികൾ ഈ കുടുംബാംഗങ്ങൾ കൈകാര്യം ചെയ്യുന്നു. 2014ൽ സുപ്രീം കോടതി തോട്ടിപ്പണിയുമായി ബന്ധപ്പെട്ട ഒരു കേസ് കേൾക്കുമ്പോൾ അവിടെ വെളിപ്പെടുത്തിയത് 96 ലക്ഷം ഡ്രൈ ലാട്രിനുകൾ (കക്കൂസുകൾ) തോട്ടിപ്പണിക്കാർ വൃത്തിയാക്കിയിട്ടുണ്ട് എന്നാണ്. 2018ൽ പോലും ഔദ്യോഗിക കണക്കുകൾ വെളിപ്പെടുത്തിയത് അഞ്ച് ലക്ഷം ആളുകൾ ഈ രംഗത്ത് ജോലിചെയ്യുന്നു എന്നാണ്. വ്യക്തികളും സ്ഥാപനങ്ങളും കൂടാതെ ഈ തോട്ടിപ്പണിയുടെ ഏറ്റവും വലിയ ആവശ്യക്കാർ ഇന്ത്യൻ റെയിൽവേ ആണെന്നുള്ളതാണ് മറ്റൊരു വസ്തുത. ട്രാക്കുകളിലെ വിസർജ്യം നീക്കുന്നതുൾപ്പെടെയുള്ള ജോലികൾ ഇവരാണ് ചെയ്യുന്നത്. പലപ്പോഴും പട്ടികജാതി, ദളിത് വിഭാഗങ്ങളിൽ നിന്നുമാത്രമായി അപേക്ഷകരെ ക്ഷണിക്കുകയും ചെയ്യുന്നു. പാർലമെന്റിന്റെ മേശപ്പുറത്തുവച്ച ഒരു കണക്കനുസരിച്ച് 2019നും 2023നുമിടയിൽ 377 ശുചീകരണ തൊഴിലാളികൾ കക്കൂസ് ടാങ്കുകൾ വൃത്തിയാക്കുന്നതിനിടയിൽ മരിച്ചുപോയിട്ടുണ്ട്. ഇന്ത്യയിൽ ആകെയുള്ള സേഫ്റ്റി ടാങ്കുകളും ഓടകളും വൃത്തിയാക്കുന്ന അപകടകരമായ ഈ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ളവരിൽ 68.9 ശതമാനം പട്ടികജാതി വിഭാഗവും 8.3 ശതമാനം പട്ടികവർഗവും 14.7 ശതമാനം മറ്റു പിന്നാക്ക വിഭാഗക്കാരും ബാക്കിയുള്ളത് ജനറൽ കാറ്റഗറിയുമാണ്. മാറാല പിടിച്ച മനസുമായി ഇന്നും മനുഷ്യസമൂഹത്തെ കാണുന്ന ഈ വ്യവസ്ഥിതി ഒരു എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായി തുടരുന്നതാണ് ഭരണകൂടത്തിന്റെ വീഴ്ച. ശാസ്ത്ര സാങ്കേതിക മേഖലകൾ എത്രയോ വികസിച്ച ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ട് നിർമ്മിത ബുദ്ധിയുടെ ആധിക്യം കണ്ടാണ് ഉണരുന്നത്. നൂതന സാങ്കേതിക വിദ്യകൾ ലോകത്തെത്തന്നെ മാറ്റിമറിക്കുമ്പോഴും മനുഷ്യവിസർജ്യം പാത്രങ്ങളിലും പായ്ക്കറ്റുകളിലുമായി ശേഖരിക്കുകയും ചുമന്നുകൊണ്ടുപോവുകയും ചെയ്യുന്ന ഒരു സമൂഹം നമ്മളോടൊപ്പം ഈ മണ്ണിൽ ജീവിക്കുന്നു എന്നത് എത്ര ലജ്ജാകരമാണ്. അശ്രദ്ധകൊണ്ടോ ജാഗ്രതക്കുറവു കൊണ്ടോ എന്നോ എഴുതിവച്ച കൈപ്പുസ്തകങ്ങളും ചട്ടങ്ങളും നാം ഇപ്പോഴും പിന്തുടരുന്നു. ഒരു ജനാധിപത്യ ഭരണ സംവിധാനത്തിൽ ഈ വിവേചനം തുറന്നുകാണിക്കുകയും ശക്തമായ ഭാഷയിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകളെ തിരുത്തൽ നടപടികൾക്ക് നിർദേശിക്കുകയും ചെയ്ത സുപ്രീം കോടതി ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു. ജാതി എന്ന സമസ്യ സമസ്ത മേഖലകളിലും പിടിമുറുക്കുമ്പോൾ സമൂഹത്തിലെ ഏറ്റവും കൂടുതലായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ ‘തോട്ടിപ്പണിക്കാർ’ എന്ന് മുദ്രകുത്തി വർഗീകരിക്കുന്നത് എത്രയോ പാപമാണ്. ജയിലിലായാലും പുറത്തായാലും തോട്ടിപ്പണി സമൂഹത്തിലെ അധഃസ്ഥിതന്റെ തൊഴിലായി ഭരണകൂടം കണക്കാക്കാൻ പാടില്ല. കോടതി നിർദേശിച്ച മൂന്നുമാസം പോലുമെടുക്കാതെ ബന്ധപ്പെട്ട ചട്ടങ്ങളിൽ മാറ്റംവരുത്താൻ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകൾ അടിയന്തര നടപടികൾ കൈക്കൊള്ളണം. 2013ലെ നിയമം അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാൻ കഴിയത്തക്കനിലയിൽ പ്രാവർത്തികമാക്കുകയും വേണം.

Exit mobile version