Site iconSite icon Janayugom Online

കോൺഗ്രസിലും ‘കാസ്റ്റിങ് കൗച്ച്’; വി ഡി സതീശനെതിരെയും ആരോപണം

simi rose bellsimi rose bell

കോണ്‍ഗ്രസില്‍ സ്ത്രീകള്‍ ലിംഗവിവേചനവും ചൂഷണവും നേരിടുന്നതായി എഐസിസി സിമി റോസ് ബെൽ ജോണ്‍. പഴയ തലമുറ വനിത നേതാക്കളെ അവഗണിക്കുകയാണ്. നേരായ മാര്‍ഗത്തിലൂടെ അല്ലാതെ പദവികള്‍ നേടുന്നവര്‍ പാര്‍ട്ടിയിലുണ്ട്. പദവികള്‍ ലഭിക്കുന്നതിന് നേതാക്കളുടെ ഗുഡ് ബുക്കില്‍ ഇടം പിടിക്കേണ്ടതുണ്ട്. നേതാക്കളില്‍ നിന്ന് നേരിട്ട മോശം അനുഭവം പല വനിത നേതാക്കളും തന്നോട് പങ്കുവച്ചതിന്റെ തെളിവുകളുണ്ട്. തനിക്ക് അവസരങ്ങള്‍ നഷ്ടമാകുന്നതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഇക്കാര്യത്തില്‍ നിസ്സാഹയനാണെന്നും സിമി റോസ് ബെൽ ജോണ്‍ പറഞ്ഞു. സിനിമയിലേതിന് സമാനമായ ‘കാസ്റ്റിങ് കൗച്ച്’ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കകത്തുമുണ്ടെന്നും അവര്‍ പറഞ്ഞു. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ സമയം വരുമ്പോള്‍ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്നെന്നും സിമി റോസ്‌ബെല്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ അനര്‍ഹര്‍ക്കാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്നും ജെബി മേത്തര്‍ എംപിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് സിമി വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസില്‍ ഒരേയൊരു വോട്ട് കിട്ടിയ ജെബി മേത്തറെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയാക്കിയപ്പോള്‍ ഞങ്ങള്‍ മൗനംപാലിച്ചു. എട്ടുവര്‍ഷം മുമ്പ് മഹിളാ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തപ്പോഴും മൗനംപാലിച്ചു. പ്രവര്‍ത്തനത്തിലൂടെ വന്നവര്‍ ഇപ്പോഴും തഴയപ്പെടുകയാണ്. അങ്ങനെയുള്ള എത്ര വനിതാ അംഗങ്ങള്‍ കെപിസിസിയില്‍ ഉണ്ടെന്ന് പരിശോധിക്കണം. അവരേക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. അവരൊക്കെ വലിയ വലിയ നേതാക്കളുടെ ഗുഡ്ബുക്കിലുള്ളവരാണ് — സിമി റോസ്‌ബെല്‍ പറഞ്ഞു. ഒറ്റക്ക് പോകുന്ന സത്രീകളോട് മോശമായി പെരുമാറുന്ന സാഹചര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഉള്ളത്. മുതിര്‍ന്ന നേതാക്കള്‍ക്ക് ശബ്ദമില്ലാതാക്കി. അവസരങ്ങള്‍ ലഭിക്കാന്‍ കോണ്‍ഗ്രസില്‍ ചുഷണത്തിന് നിന്ന് കൊടുക്കേണ്ട അസ്ഥയാണെന്നും ഹേമ കമ്മിറ്റി മോഡല്‍ കോണ്‍ഗ്രസിലും കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രീതിപ്പെടുത്താന്‍ നടക്കാത്തതുകൊണ്ട് താന്‍ പ്രതിപക്ഷനേതാവിന്റെ ഗുഡ് ബുക്ക്‌സില്‍ ഇല്ലെന്നും അവസരം നിഷേധിക്കുകയും തന്നെ പരസ്യമായി പലതവണ അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും സിമി റോസ്‌ബെല്‍ ജോണ്‍ ആരോപിച്ചു.

Exit mobile version