Site iconSite icon Janayugom Online

പൂച്ചവിശപ്പ്

അടുക്കള വാതിലോളം
വന്ന്
വിശപ്പിന്റെ വാതിൽ
മലർക്കെ തുറന്നിട്ട
ഒരു കുറുഞ്ഞിപൂച്ച
കുഴിഞ്ഞ കണ്ണുകളിൽ
കഴിഞ്ഞകാല
ദൈന്യതയുടെ
കരിമേഘകൂട്ടങ്ങൾ
ഒന്ന് പെയ്തു തെളിയാൻ
കാത്തിരിക്കുന്നു
അരികെ വിടർന്ന
മഴവില്ലിന് പോലും
വിഷാദത്തിന്റെ
കഷായം കുടിച്ച
കയ്പേറിയ മുഖഭാവങ്ങൾ
ഒട്ടിയ വയറിന്റെ
മൂളക്കം കേൾക്കാതെ
പലരും ഉണ്ടു, ണരുന്ന
കാഴ്ചകൾ
കണ്ടുണരുന്നു ഞാനും
മീൻമണം ചുമലിലേറ്റിയ
കാറ്റിൽ
അതിന്റെ നീറ്റൽ
കൂടിക്കലരുന്നു
വിശക്കുന്നവരുടെ രാജ്യത്തെ
പ്രതിനിധിയായി
എത്തിയതായിരുന്നു
ആ പൂച്ച
മ്യാവൂ മ്യാവൂ
എന്ന കരച്ചിലിന്റെ
രണ്ടക്ഷരങ്ങളെ
നാം അത്ര നിസാരവൽക്കരിക്കരുത്
അത്രത്തോളം
ആഴത്തിലുള്ള വിശപ്പിനെ
ആ വാക്കിന്റെ
കോഡ് ഭാഷയിലൂടെ അത്
പുറത്തു കാട്ടുന്നതാണ്

Exit mobile version