Site icon Janayugom Online

കാത്തലിക് സിറിയന്‍ ബാങ്ക് സമരം ചര്‍ച്ചകളിലൂടെ പരിഹരിക്കുക: കാനം

Kanam Rajendran

കേരളത്തിലെ ബാങ്കിംഗ് രംഗത്ത് നൂറു വര്‍ഷം പിന്നിട്ടിട്ടുള്ളതും കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ കാത്തലിക് സിറിയന്‍ ബാങ്ക് കേരളത്തിന്റെ ബാങ്കിംഗ് മേഖലയിലും ധനമേഖലയിലും തനതായ മുദ്രപതിപ്പിച്ചിട്ടുള്ള ഏറ്റവും പഴക്കമേറിയ ബാങ്കുകളിലൊന്നാണ്. എന്നാല്‍ ബാങ്കിംഗ് രംഗത്തെ മോദി ഗവണ്മെന്റിന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായി കാത്തലിക് സിറിയന്‍ ബാങ്കിന്റെ ഭൂരിഭാഗം ഷെയറുകളും ഒരു വിദേശ കോര്‍പ്പറേറ്റ് ഗ്രൂപ്പായ ഫെയര്‍ ഫാക്‌സ് വിലക്കെടുത്തിരിക്കുന്നു. ഇതോടെ ബാങ്കിെന്റ ജനകീയ മുഖം നഷ്ടമായി എന്നു മാത്രമല്ല പുതിയ മാനേജ്‌മെന്റ് നയങ്ങള്‍ ബാങ്കിലെ ഇടപാടുകാര്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ വിനാശകര മായി ഭവിച്ചിരിക്കുകയാണ്. 

എഴുപത്തി അഞ്ച് ശതമാനം കേരളത്തിലെ സാധാരണ ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ നിക്ഷേപം ഉണ്ടായിരുന്ന ഈ ബാങ്കിന്റെ കേരളത്തിലെ ഇപ്പോഴത്തെ വായ്പാ നിക്ഷേപ അനുപാതം 34 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. കാത്തലിക് സിറിയന്‍ ബാങ്കിനെ സിഎസ്ബി ആക്കുന്നതോടെ ന്യൂജന്‍ ബാങ്കായി രൂപാന്തരപ്പെട്ട ബാങ്കിന്റെ നിക്ഷേപവായ്പാ നയങ്ങളില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അതോടൊപ്പം സേവന വേതന വ്യവസ്ഥയിലെ ഏകപക്ഷീയമായ മാറ്റങ്ങള്‍, അന്യായമായ നടപടികള്‍ സ്ഥിരം ജോലി ഇല്ലാതാക്കി പകരം കരാര്‍ നിയമനം, സ്വയം വിരമിക്കല്‍ പദ്ധതിക്കായുള്ള സമ്മര്‍ദ്ദം, ഇങ്ങനെ തുടങ്ങി ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികളും ബാങ്ക് മാനേജ്‌മെന്റ് ആരംഭിച്ചിരിക്കുന്നു. ബാങ്ക് നടപ്പാക്കാന്‍ ബാധ്യതപ്പെട്ട വ്യാവസായികതല കരാര്‍ മറ്റെല്ലാ ബാങ്കുകളിലും നടപ്പിലാക്കിയിട്ടും സിഎസ്ബി അതു തടഞ്ഞുവച്ചിരിക്കുന്നു.

ഇത്തരം സാഹചര്യത്തിലാണ് കാത്തലിക് സിറിയന്‍ ബാങ്കിലെ ഒന്നടങ്കം ജീവനക്കാരും ഓഫീസര്‍മാരും ഒക്ടോബര്‍ 20 മുതല്‍ ത്രിദിനപണിമുടക്ക് നടത്തുന്നത്.

സിഎസ്ബി ബാങ്ക് പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസര്‍മാരും ഒക്ടോബര്‍ 22ന് പണിമുടക്കുകയാണ്. പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സിപിഐ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നു.

കാത്തലിക് സിറിയന്‍ ബാങ്കിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെയും കൂടി ഭാഗമായിട്ടാണ് ജനങ്ങള്‍ ബാങ്കിലെ പണിമുടക്കിനെ കാണുന്നതെന്നും എത്രയും വേഗം ബാങ്ക് മാനേജ്‌മെന്റ് അനുരഞ്ജന ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

Eng­lish Sum­ma­ry : catholic syr­i­an bank strike kanam rajen­dran statement

You may also like this video :

Exit mobile version