Site iconSite icon Janayugom Online

കന്നുകാലിക്കടത്ത് കേസ്; മമതയുടെ വിശ്വസ്തന്‍ അറസ്റ്റില്‍

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായിയെ കന്നുകാലിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത് സിബിഐ. തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ഭും ജില്ലാ അധ്യക്ഷനായ അനുബ്രത മൊണ്ഡലിനെയാണ് ഇന്നലെ ബോല്‍പൂരിലെ വീട്ടില്‍ നിന്നും സിബിഐ അറസ്റ്റ് ചെയ്തത്. സിആര്‍പിഎഫിന്റെ അകമ്പടിയോടെയാണ് സിബിഐ സംഘം വീടുവളഞ്ഞത്. 2020‑ല്‍ ആണ് കേസ് സിബിഐ ഏറ്റെടുത്തത്. പത്തുതവണ സമന്‍സ് അയച്ചിട്ടും അനുബ്രത ഹാജരായില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

അതിര്‍ത്തിക്കപ്പുറം കന്നുകാലികളെ കടത്തുന്നതുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. കന്നുകാലിക്കടത്തുമായി ബന്ധപ്പെട്ട് നിരവധിയിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി അനുബ്രതയെ രണ്ട് തവണ ചോദ്യംചെയ്തിരുന്നു. അനുബ്രതയെ വൈദ്യ പരിശോധനയ്ക്ക് ശേഷം അസാന്‍സോള്‍ കോടതിയില്‍ ഹാജരാക്കി. അദ്ദേഹത്തിന്റെ ഗണ്‍മാന്‍ സൈഗാള്‍ ഹൊസൈനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ആരോഗ്യ കാരണങ്ങളാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൊണ്ടാല്‍ രണ്ടാഴ്ചത്തെ സമയം ചോദിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. കേസില്‍ 11 പേര്‍ക്ക് എതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രാദേശികമായി വലിയ ജനപിന്തുണയുള്ള നേതാവാണ് അനുബ്രത മൊണ്ടാല്‍. നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ടിഎംസി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം നടത്തി. അതേസമയം കള്ളക്കടത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും പങ്കുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. അടുത്തിടെ അധ്യാപക നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തൃണമൂല്‍ മന്ത്രിയായിരുന്ന പാര്‍ത്ഥാ ചാറ്റര്‍ജിയെയും അദ്ദേഹത്തിന്റെ സുഹൃത്ത് അര്‍പിത മുഖര്‍ജിയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. 

Eng­lish Summary:Cattle smug­gling case; Mamata’s con­fi­dant arrested
You may also like this video

Exit mobile version