കാവേരി ജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ‌്നാട്-കര്‍ണാടക തര്‍ക്കം രൂക്ഷമായേക്കും. തമിഴ‌്നാടുമായി വെള്ളം പങ്കിടാന്‍ കഴിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അതേസമയം തമിഴ‌്നാടിന് സെക്കന്‍ഡില്‍ 5,000 ഘനയടി ജലം വീതം 15 ദിവസത്തേക്ക് വിട്ടുകൊടുക്കണമെന്ന ഉത്തരവ് കാവേരി ജല മാനേജ്‌മെന്റ് അതോറിട്ടി ആവര്‍ത്തിച്ചു.
കാവേരി നദീതട അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടകയുടെ പുതിയ നീക്കം. തമിഴ‌്നാടിന് വെള്ളം വിട്ടുനല്‍കുന്നത് സംസ്ഥാനത്ത് ജലക്ഷാമത്തിന് ഇടയാക്കുമെന്ന് കര്‍ണാടക പറയുന്നു. ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കാവേരിജലം തമിഴ‌്നാടിന് നല്‍കരുതെന്ന് ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. രഹസ്യമായി തമിഴ‌്നാടിന് വെള്ളം വിട്ടുനല്‍കുന്നുവെന്ന പ്രചാരണം ഉയര്‍ത്തി സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ബി എസ് യെദ്യുരപ്പ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
കാവേരി ജല മാനേജ്മെന്റ് അതോറിട്ടിയുടെ (സിഡബ്ല്യുഎംഎ) ഉത്തരവ് പാലിക്കാത്തതിനെക്കുറിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് കര്‍ണാടക അറിയിച്ചു. വെള്ളം വിട്ടുനല്‍കണമെങ്കില്‍ 106 ടിഎംസി ജലം വേണമെന്നാണ് കര്‍ണാടകയുടെ വാദം. നിലവില്‍ 53 ടിഎംസി ജലലഭ്യത മാത്രമേയുള്ളൂ.
കുടിവെള്ള ആവശ്യങ്ങള്‍ക്ക് 30 ടിഎംസിയും വിളകള്‍ സംരക്ഷിക്കാന്‍ 70 ടിഎംസിയും വ്യവസായങ്ങള്‍ക്ക് മൂന്ന് ടിഎംസി വെള്ളവും ആവശ്യമാണ്. സാധാരണ ഒരു വര്‍ഷം 177.25 ടിഎംസി വെള്ളമാണ് തുറന്നുവിടുന്നത്. ഇതുവരെ 37.7 ടിഎംസി വെള്ളം തുറന്നുവിട്ടു. 99 ടിഎംസി വെള്ളം നല്‍കേണ്ടിയിരുന്നെങ്കിലും നല്‍കിയിട്ടില്ല. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് തമിഴ‌്നാട് ആവശ്യപ്പെടുന്നു.
15 ദിവസത്തേക്ക് കൂടി 5000 ഘനയടി കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റി 12നാണ് കര്‍ണാടകത്തിന് ആദ്യനിര്‍ദേശം നല്‍കിയത്. എന്നാല്‍ ജലക്ഷാമ സാഹചര്യം കണക്കിലെടുത്ത് വെള്ളം വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ഇക്കാര്യം കേന്ദ്ര ജലവിഭവ മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന സമിതി, നിര്‍ദേശം ആവര്‍ത്തിക്കുകയായിരുന്നു. കാവേരിയില്‍നിന്ന് 24,000 ഘനയടി വെള്ളം ആവശ്യപ്പെട്ടുള്ള തമിഴ്‌നാടിന്റെ ഹര്‍ജി 21ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
English Summary: Cauvery dispute escalates; Karnataka says water cannot be shared
You may also like this video