Site icon Janayugom Online

കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ തുറന്നുകാട്ടിയ ഓക്സ്ഫാമിനെതിരെ സിബിഐ

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പല അവകാശവാദങ്ങളും പൊളിച്ചടുക്കിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്ന ഓക്സ്ഫാമിന്റെ ഇന്ത്യയിലെ ഘടകത്തിനെതിരെ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐയോട് ആവശ്യപ്പെട്ടു. വിദേശനാണയ വിനിമയ നിയമം (എഫ്‌സിആര്‍എ) ലംഘിച്ചുവെന്നു കാട്ടിയുള്ള അന്വേഷണത്തിനാണ് നിര്‍ദേശം.  എഫ്‌സിആര്‍എ പ്രകാരം ലഭിച്ച തുക ഓക്സ്ഫാം മറ്റ് കമ്പനികള്‍ക്ക് മറിച്ചു നല്‍കിയെന്ന ആരോപണം നിലനില്‍ക്കവെയാണ് സിബിഐ അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. എഫ്‌സിആര്‍എ നിയമവും ചട്ടവും നിലവില്‍ വന്നശേഷവും ഓക്സ്ഫാം തുക പല സ്ഥാപനങ്ങള്‍ക്കും കൈമാറിയെന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്ന് പറഞ്ഞാണ് അന്വേഷണ ശുപാര്‍ശ.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിദേശ കമ്പനികള്‍ ഓക്സ്ഫാമിനു വന്‍തുക പല പേരില്‍ നല്‍കുന്നതായാണ് ഐടി വകുപ്പിന്റെ കണ്ടെത്തല്‍. വിദേശ സംഭാവനയായി 1.5 ലക്ഷം രൂപ ലഭിച്ചതായും ഇത് വിദേശ സംഭാവനയുടെ ഗണത്തില്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ സംഭാവന സ്വീകരിക്കാനുള്ള ഓക്സ്ഫാമിന്റെ ലൈസന്‍സ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കേന്ദ്രം റദ്ദാക്കിയിരുന്നു. ഓക്സ്ഫാമിനു ലഭിച്ച വിദേശ ഫണ്ടുകള്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് അടക്കമുള്ള സഹസ്ഥാപനങ്ങള്‍ക്കും, ജീവനക്കാര്‍ക്കും കൈമാറിയതായും ആരോപണമുന്നയിക്കുന്നു.

ഈ വര്‍ഷം ഫെബ്രുവരി 13നു ഓക്സ്ഫാം സമര്‍പ്പിച്ച വിദേശ നാണയ വിനിമയ അംഗീകാരം പുനഃസ്ഥാപിക്കാനുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. നിരോധനം നീക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. കഴിഞ്ഞ മാസവും കേന്ദ്ര ആഭ്യന്തര വകുപ്പ് ഓക്സ്ഫാമിനെതിരെ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരുന്നു. സാമുഹിക പ്രവര്‍ത്തകന്‍ അമന്‍ ബിര്‍ദാരിസ, ഹര്‍ഷ് മന്ദര്‍ എന്നിവര്‍ക്കെതിരെ വിദേശ നാണയ വിനിമയ ചട്ട ലംഘനം നടത്തിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തിയിരുന്നു.

തുറന്നു കാട്ടിയ റിപ്പോര്‍ട്ടുകള്‍

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഓക്സ്ഫാമിന്റേതായി പുറത്തുവന്നിരുന്നു. രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നുവെന്നും അഡാനിയെ പോലുള്ളവരുടെ സമ്പത്ത് കുതിച്ചുയര്‍ന്നുവെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജനുവരി 16നാണ് പുറത്തുവിട്ടത്. ആകെ സമ്പത്തിന്റെ 40 ശതമാനവും സമ്പന്നരായ ഒരു ശതമാനത്തിന്റെ കെെവശമാണ്. ജനസംഖ്യയുടെ പകുതിയില്‍ താഴെയുള്ള ആളുകള്‍ സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് പങ്കിടുന്നതെന്നും പ്രസ്തുത റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

മോഡിയുടെ കോര്‍പറേറ്റ് സൗഹൃദ സമീപനം തുറന്നുകാട്ടുന്ന മറ്റൊരു റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. അതിസമ്പന്നരുടെ നികുതി വെട്ടിക്കുറച്ചും പൊതു മേഖലാ ബാങ്കുകളിലെ വായ്പകൾ എഴുതിത്തള്ളിയും സഹായിച്ചതിന്റെ വിശദാംശങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. ഇന്ത്യയിലെ സ്ത്രീ-പുരുഷ അസമത്വം, തൊഴിലില്ലായ്മ എന്നിവ സംബന്ധിച്ചും ഓക്സ്ഫാം റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത് 2008ല്‍

ലോകത്ത് 21 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓക്സ്ഫാം 2008 ലാണ് ഇന്ത്യയില്‍ സന്നദ്ധ പ്രവര്‍ത്തനം തുടങ്ങിയത്. രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ബിഹാര്‍, ചത്തീസ്ഗഡ്, അസം, ഒഡിഷ എന്നിവിടങ്ങളില്‍ ഓക്സ്ഫാം സന്നദ്ധസേവനങ്ങള്‍ നടത്തിയിരുന്നു. ഈ സംസ്ഥാനങ്ങള്‍ ഇന്ത്യന്‍ കമ്പനി ആക്ട് 2013 പ്രകാരം ഓക്സ്ഫാമിനെ അംഗീകരിച്ചിരുന്നു.

Eng­lish Summary;CBI against Oxfam for expos­ing Cen­tre’s claims
You may also like this video

Exit mobile version