നിയമവിരുദ്ധമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുവെന്ന ആരോപണത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.
2015ല്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ നേട്ടത്തിനായി രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഒരു ഫീഡ്ബാക്ക് യൂണിറ്റ് രൂപീകരിച്ചുവെന്ന റിപ്പോര്‍ട്ടിലാണ് സിബിഐ അന്വേഷണം. മനീഷ് സിസോദിയ ആയിരുന്നു ഈ യൂണിറ്റിന് നേതൃത്വം നല്‍കിയിരുന്നത് എന്നാണ് ആരോപണം. രാഷ്ട്രീയ എതിരാളികളുടെ ഫോണുകള്‍ ചോര്‍ത്തിയെന്നും സിബിഐ ആരോപിക്കുന്നു. മനീഷ് സിസോദിയയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന നേരത്തെ സിബിഐക്ക് അനുമതി നല്‍കിയിരുന്നു.
ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ വിജിലന്‍സ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് ഡല്‍ഹി സര്‍ക്കാര്‍ രഹസ്യ അന്വേഷണ യൂണിറ്റ് സ്ഥാപിക്കുന്നത്. സെപ്റ്റംബറില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്, 2016 ഫെബ്രുവരി ഒന്നുമുതല്‍ സംഘം പ്രവര്‍ത്തനം തുടങ്ങി. വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിച്ച സംഘം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മാത്രമാണ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
മറ്റ് ഏജന്‍സികളുടെ അധികാരങ്ങളെ മറികടന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ നിയമം ലംഘിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് സിബിഐ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു കോടി രൂപ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചു. രഹസ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ കൈമാറി. ഇതുവഴി 36 ലക്ഷത്തോളം രൂപ ഖജനാവില്‍ നിന്ന് നഷ്ടമായി. എട്ട് മാസത്തിനിടെ 700 കേസുകളില്‍ അന്വേഷണം നടത്തിയതില്‍ 60 ശതമാനവും രാഷ്ട്രീയ താല്പര്യത്തോടെയുള്ളതായിരുന്നുവെന്നും സിബിഐ കണ്ടെത്തി.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയക്കെതിരെയുള്ള സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സിബിഐക്ക് സിസോദിയയെ വിചാരണ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്. മദ്യനയത്തില്‍ ചോദ്യം ചെയ്യലിനായി ഈ മാസം 28 ന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.
English Summary: CBI allowed to prosecute Manish Sisodia
You may also like this video: