Site iconSite icon Janayugom Online

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി: സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന നിര്‍ദേശം നടപ്പാക്കിയതിന്റെ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് 2020 ഡിസംബറിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇത് നടപ്പാക്കിയത് സംബന്ധിച്ച വിശദ വിവരം സമര്‍പ്പിക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ജസ്റ്റീസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടത്. 

മാര്‍ച്ച് 29നുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ ഏജന്‍സികളും ചില സംസ്ഥാന സര്‍ക്കാരുകളും നിര്‍ദേശം നടപ്പാക്കിയിട്ടില്ലെന്ന് കേസില്‍ അമിക്കസ് ക്യൂറിയായ സിദ്ധാര്‍ഥ് ദവേ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണു നടപടി. വിഷയം വീണ്ടും ഏപ്രില്‍ 18ന് പരിഗണിക്കും. ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കൈമാറണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി.

Eng­lish Sum­ma­ry; CCTV in police sta­tions: Supreme Court seeks report
You may also like this video

Exit mobile version