Site iconSite icon Janayugom Online

വെടിനിര്‍ത്തല്‍ ധാരണ തുടരും: സൈന്യം

പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ തുടരുമെന്നും നിര്‍ത്തലാക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം. മേയ് 18 വരെ വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായെന്നായിരുന്നു പാക് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്നലെ ഇരു രാജ്യങ്ങളും തമ്മില്‍ ഡിജിഎംഒതല ചര്‍ച്ചകള്‍ നടത്തുമെ‘k~ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ ഉടന്‍ ഉണ്ടാകില്ലെന്ന് സൈന്യം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ഈ മാസം 12നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയത്. ഇന്ത്യ — പാക് അതിര്‍ത്തിയില്‍ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സൈന്യം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് ഇന്ത്യ നൽകിയ കനത്ത പ്രഹരം വ്യക്തമാക്കുന്ന ദൃശ്യങ്ങളും ഇന്ത്യൻ സെെന്യം പുറത്തുവിട്ടു. പാക് പോസ്റ്റുകൾ നിലംപരിശാക്കുന്ന ദൃശ്യങ്ങളാണ് ആർമിയുടെ വെസ്റ്റേൺ കമാൻഡ് പുറത്തുവിട്ടിരിക്കുന്നത്. 

അതേസമയം ലഷ്കര്‍ ഇ ത്വയ്ബ ഭീകരവാദി അബു സയിഫുള്ള ഖാലിദ് പാകിസ്ഥാനില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം സിന്ധ് പ്രവിശ്യയിലായിരുന്നു സംഭവം. ഇന്ത്യയില്‍ നടന്ന നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണ് റസാഉള്ള നിസാമണി എന്ന അബു സയിഫുള്ള ഖാലിദ്. ഇന്നലെ ഉച്ചയോടെ വസതിയില്‍ നിന്നും പുറത്തിറങ്ങിയ ഖാലിദിനെ അജ്ഞാതര്‍ പിന്തുടര്‍ന്ന് മാറ്റ്ലി ഫാല്‍ക്കര ചൗക്കിന് സമീപത്തുവച്ച് വെടിവച്ച് കൊല്ലുകയായിരുന്നു.
പാകിസ്ഥാന്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കിവരുന്ന ഭീകരരില്‍ ഒരാളായിരുന്നു ഇയാള്‍. 2001ല്‍ ഏഴു സൈനികര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സിആര്‍പിഎഫ് ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിനും 2005ല്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നടന്ന ആക്രമണത്തിനും പിന്നില്‍ ഖാലിദാണ്. 2006ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രവും ഇയാളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

Exit mobile version