Site icon Janayugom Online

‘കൗ ഹഗ് ഡേ‘യും പ്രണയദിനവും വംശഹത്യയുടെ കവചവും

‘നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിക്ക് പ്രേമകാവ്യമായിരുന്നു
പുസ്തകത്തില്‍ അന്ന് സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓര്‍മ്മിപ്പിക്കുന്നു.

പ്രേമത്തിന്റെ ജഠരാഗ്നിക്ക് ഞാനിന്നു
ദാനംകൊടുത്തു
ഇലകളായി ഇനി നമ്മള്‍ പുനര്‍ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം’
എ അയ്യപ്പന്റെ ‘ആലില’ എന്ന കവിതയിലെ വരികളാണ്. പ്രണയത്തെയും പ്രണയഭംഗത്തെയും പ്രണയനിരാശയേയും കുറിച്ച് ആവോളം എഴുതിയ സര്‍ഗപ്രതിഭയാണ് എ അയ്യപ്പന്‍. നരേന്ദ്രമോഡിയുടെ ഭരണത്തില്‍ ഫെബ്രുവരി 14ന്റെ ലോക പ്രണയദിനത്തില്‍ നാം പശുക്കളെ കെട്ടിപ്പിടിച്ച് ചുംബിക്കണം. സസ്യശാസ്ത്രത്തിന്റെ പുസ്തകവും പ്രേമകാവ്യവും പുസ്തകത്തില്‍ സൂക്ഷിച്ചിരുന്ന ആലിലയും കാമിനിയുടെ പച്ച ഞരമ്പുകളും അപ്രസക്തമാവുകയാണ്. ഇലകളായി ഇനി പുനര്‍ജനിക്കുമെങ്കില്‍ ഒരേ വൃക്ഷത്തില്‍ പിറക്കണമെന്നതിന് ഇനി പ്രസക്തിയില്ല. മോഡി ഭരണത്തില്‍ പശുക്കളായി പുനര്‍ജനിക്കണം. കാരണം പശുക്കള്‍ക്കേ പ്രണയദിനത്തില്‍ ആലിംഗനം ചെയ്ത് പ്രേമകാവ്യങ്ങള്‍ രചിക്കാനാവൂ എന്നാണ് സംഘകുടുംബ വാദം. ‘പ്രണയിക്ക, അനവരതവും പ്രണയിക്ക പ്രണയം തന്നെ ജീവിതം, പ്രണയം തന്നെ മരണവും’ എന്ന് കവി എഴുതുന്നത് അനശ്വരവും അജ്ഞാതവും അനന്തവുമായ പ്രണയകാന്തിയെക്കുറിച്ചാണ്.

ലോക പ്രണയദിനം പാശ്ചാത്യസംസ്കാരത്തെ ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്നും അതിനെ ചെറുക്കുവാന്‍ ‘ഇന്ത്യന്‍ സംസ്കാരത്തിന്റെ നട്ടെല്ലായ’ പശുക്കളെ കെട്ടിപ്പിടിച്ച് ചുംബിക്കണമെന്നുമാണ് മോഡി സര്‍ക്കാരിന്റെ ഉത്തരവ്. ഫലിതോക്തിയില്‍ ഒരു ചോദ്യം ആരാഞ്ഞാല്‍ കാളകളെയും എരുമകളെയും പോത്തുകളെയും ആടുകളെയും പ്ര ണയദിനത്തില്‍ ആര് ആലിംഗനം ചെയ്യും? വേദപാരമ്പര്യത്തെ പാശ്ചാത്യസംസ്കാരം അട്ടിമറിക്കുന്നുവെന്നും ആയതിനാല്‍ പശുവിനെ കെട്ടിപ്പിടിച്ച് വേദപാരമ്പര്യത്തെ വീണ്ടെടുക്കണമെന്നുമാണ് ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി സര്‍ക്കാരിന്റെ സര്‍ക്കുലര്‍. വേദപാരമ്പര്യത്തെക്കുറിച്ച് കുങ്കുമക്കുറി തൊട്ട് സംഘ്പരിവാറുകള്‍ അലറിയാര്‍ക്കും. പക്ഷേ വേദങ്ങളുടെ പുറംചട്ട മാത്രമേ അവര്‍ കണ്ടിട്ടുള്ളു. വേദങ്ങള്‍ വിജ്ഞാനാന്വേഷണത്തിന്റെ അതുല്യ പ്രപഞ്ചത്തിലേക്ക് തുറന്നിടുന്ന കവാടങ്ങളാണ്. ഋഗ്വേദത്തിന്റെ പ്രാരംഭത്തില്‍ ചോദിക്കുന്നു: ‘ഈ പ്രപഞ്ചം സൃഷ്ടിച്ചതാരാണ്? ആര്‍ക്കറിയാം’, ‘ആര്‍ക്കറിയാം, കണ്ടെത്തൂ’ എന്നാണ് മറുമൊഴി. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് യജുര്‍വേദത്തിലൂടെ ഇന്ത്യ നല്കിയ സന്ദേശം ‘ലോകം ഏക നീഢം’ എന്നാണ്. ലോകം ഒരു കിളിക്കൂട്. മാനവരാകെ ആ കിളിക്കൂട്ടിലെ പറവകള്‍. മാനവമൈത്രിയുടെ മഹദ് സന്ദേശമാണ് യജുര്‍വേദം മുന്നോട്ടുവച്ചത്. മഹാ ഋഷിമാരുടെ സംവാദ പരമ്പരകളില്‍ വേദങ്ങളില്‍ പറയുന്നു ഗോമാംസം വിശിഷ്ട ഭോജ്യമാണെന്ന്. സ്വാമി വിവേകാനന്ദന്‍ ജാതി ഉച്ചനീചത്വത്തിനും അയിത്തത്തിനുമെതിരെ പൊരുതിയ വേളയില്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ലോക മതസമ്മേളനത്തില്‍ പങ്കെടുത്ത് ഇന്ത്യയുടെ മതനിരപേക്ഷതയെയും മാനവമൈത്രിയെയും കുറിച്ച് ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. അദ്ദേഹം ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു: ‘നിങ്ങള്‍ നന്നായി ഗോമാംസം ഭക്ഷിക്കൂ, അതുവഴി ആരോഗ്യമുള്ള ജനതയാവൂ’ എന്ന്. ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെയും ലോകായത മതത്തിന്റെയും ചാര്‍വാകന്മാരുടെ ദര്‍ശനങ്ങളെയും തമസ്കരിക്കുന്നവരാണ് പശുവിന്റെ പേരില്‍ വേദപാരമ്പര്യത്തെ ഉയര്‍ത്തി പരിഹാസ്യമാക്കുന്നത്.


ഇതുകൂടി വായിക്കൂ: ഭരണഘടനയിലെ റിപ്പബ്ലിക്കും മോഡിയുടെ ഇന്ത്യയും


ഇക്കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നരേന്ദ്രമോഡി പ്രസംഗിച്ച വേളയില്‍ തന്റെ സുരക്ഷാകവചം ജനങ്ങളാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമെല്ലാം അലറിയാര്‍ത്തു. 2002 ല്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കവേ രണ്ടായിരത്തിലേറെ മനുഷ്യരെ വംശഹത്യാ പരീക്ഷണത്തിന്റെ പേരില്‍ കൊന്നുതള്ളാന്‍ നേതൃത്വം നല്കിയ, ഹിറ്റ്ലറായിരിക്കണം മാതൃക എന്ന് ആഹ്വാനം ചെയ്ത മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ അനുചരന്മാരാണ് നരേന്ദ്രമോഡിയും അമിത് ഷായും. അവര്‍ വ്യാജ ഏറ്റുമുട്ടലുകളും ഭ്രൂണഹത്യയും ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിക്കലും ഖബറുകള്‍ തകര്‍ക്കലുകളുമെല്ലാം അരങ്ങേറ്റി. ബിബിസി ചാനല്‍ പുറത്തുവിട്ട വാര്‍ത്തകളില്‍ പരിഭ്രാന്തമായ മോഡി ഭരണകൂടം പ്രണയത്തെ വെറുക്കുന്നതുപോലെ മാധ്യമ സ്വാതന്ത്ര്യത്തെയും വെറുക്കുന്നു. ഗുജറാത്ത് വംശഹത്യാ പരീക്ഷണ കാലത്ത്, ‘ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രമാണ്, നാളെ ഗുജറാത്ത് എവിടെയും ആര്‍ത്തിക്കപ്പെടാ‘മെന്ന് ആക്രോശിച്ച നരേന്ദ്രമോഡിയുടെ കരങ്ങളില്‍ ആ രക്തക്കറ ഇപ്പോഴും ഉണങ്ങാതെയുണ്ട്. കാലവും ചരിത്രവും ആ പാപത്തിന് മാപ്പു നല്കില്ല, ജനങ്ങളുടെ രക്ഷാകവചവും ഉണ്ടാവില്ല.

Exit mobile version