‘കേരള സ്റ്റോറി-2’ എന്ന പേരിൽ മതവിദ്വേഷം വളര്‍ത്താനുള്ള ചലച്ചിത്രം റിലീസ് ചെയ്യുന്നതിന് സെൻസർ ബോർഡ് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് സിപിഐ. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അസത്യങ്ങൾ പ്രചരിപ്പിക്കുന്ന ഇതിന്റെ നിർമ്മാതാക്കൾക്കെതിരെ നിയമനടപടികൾ കൈക്കൊള്ളണമെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
കേരളത്തിന്റെ നാളിതുവരെയുള്ള സാമൂഹ്യ‑സാംസ്കാരിക നേട്ടങ്ങളെ നിരാകരിക്കാനും കേരളം മത തീവ്രവാദത്തിന്റെയും നിർബന്ധിത മത പരിവർത്തനത്തിന്റെയും ഒരു വിളനിലമാണെന്ന് പ്രചരിപ്പിക്കാനാണ് ഇതിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. സംഘ്പരിവാർ ശക്തികളുടെ ന്യൂനപക്ഷ വിദ്വേഷം സിനിമയെന്ന മാധ്യമത്തിൽക്കൂടി അടിച്ചേല്പിക്കുകയാണ്.
ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ഇത്തരം ഉള്ളടക്കങ്ങളിലൂടെ അവർ ബോധപൂർവം ശ്രമിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ മതവിദ്വേഷം വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാൻ കഴിയില്ല. രണ്ടു വർഷം മുമ്പ് റിലീസ് ചെയ്ത ഒന്നാംഭാഗത്തെക്കാൾ കൂടുതൽ വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണമെന്ന് എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു.

