വൈദ്യുതി വിതരണമേഖലയിലെ നഷ്ടം കുറയ്ക്കുന്നതിനുള്ള പ്രവൃത്തികള്‍ക്കായി ലഭിക്കുന്ന തുക വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം. വൈദ്യുതി വിതരണ മേഖലയുടെ വികസനവും നവീകരണവും ലക്ഷ്യമിട്ട് നടത്തുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ‘നവീകരിച്ച വിതരണ മേഖല പദ്ധതി’(ആര്‍ഡിഎസ്എസ്). ഉപപ്രസരണ‑വിതരണ രംഗങ്ങളിൽ ഉള്ള പരിഷ്കരണ പ്രവൃത്തികൾ, ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കൽ, ഊർജ മേഖലയിൽ സാമ്പത്തിക സുസ്ഥിരത, മെച്ചപ്പെട്ട കാര്യക്ഷമത, വിശ്വാസ്യത എന്നിവ ഉറപ്പാക്കലാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. വിതരണ മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിനും, ശാക്തീകരണ–ആധുനികവൽക്കരണ പ്രവൃത്തികൾക്കുമായി 60 ശതമാനം ഗ്രാന്റ് കേന്ദ്രസർക്കാർ അനുവദിക്കുന്നുണ്ട്.
വിതരണ മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിനുള്ള പ്രവൃത്തികൾക്കായി കേരളത്തിന് 2235.78 കോടി രൂപയുടെ അനുമതി ലഭിച്ചിരുന്നു. പഴയ നിരക്കുകൾ പ്രകാരം അനുമതി ലഭിച്ചിരുന്ന ഈ തുക വർധിപ്പിക്കണമെന്ന് വൈദ്യുതി മന്ത്രി കത്ത് മുഖേനയും നേരിട്ടും കേന്ദ്ര ഊർജ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ജോലിയുടെ യഥാർത്ഥ വ്യാപ്തിയിൽ ഒരു കുറവും വരുത്താതെ 653.95 കോടി രൂപ വർധിപ്പിച്ചു. 2889.73 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിൽ 1733.84 കോടി രൂപ ഗ്രാന്റായി ലഭിക്കും.
English Summary:Center accepted Kerala’s demand; Additional help in reducing power supply losses
You may also like this video