കുതിച്ചുയരുന്ന ഇന്ധനവിലയിൽ പ്രതിഷേധം ശക്തമായതോടെ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇളവ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി. വാറ്റ് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. ഇന്ധന വിലയിൽ ഈ വർഷത്തെ റെക്കോർഡ് വർധനവിനു ശേഷമാണ് ഇപ്പോൾ വില കുറയുന്നത്.
ഇതുംകൂടി വായിക്കാം;പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി കേന്ദ്രം
ഒക്ടോബറിൽ പെട്രോൾ ലീറ്ററിന് 7.82 രൂപയും ഡീസൽ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ വില വർധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ മാസത്തിലും പിന്നീട് സെപ്റ്റംബറിലുമാണ്. അനിയന്ത്രിതമായ വിലവർധനയിൽ ബി. ജെ. പിയ്ക്കുള്ളിൽ തന്നെ അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 29 നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെയായിരുന്നു പെട്ടെന്നുള്ള ഈ തീരുമാനം. പെട്രോൾ വില വർധനവിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളോടൊക്കെ അതുവരെ കേന്ദ്രം മുഖം തിരിച്ചിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതോടെയാണ് ഒറ്റ രാത്രികൊണ്ട് ഇളവ് പ്രഖ്യാപിച്ചത്. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇത് മുന്നിൽക്കണ്ടുകൊണ്ടാണ് കേന്ദ്രം ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുന്നത്. ബി. ജെ. പി ഭരിക്കുന്ന 9 സംസ്ഥാനങ്ങളിൽ ഇന്ധന വിലയിൽ അധിക ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.
അസം, ത്രിപുര, മണിപ്പൂർ, കർണാടക, ഗോവ, ഉത്തർപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ അധിക ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വൻ ഇളവാണ് ഇന്ധന വിലയിൽ ഈ സംസ്ഥാനങ്ങൾ നൽകിയിരിക്കുന്നത്. അസം, ത്രിപുര, മണിപ്പൂർ, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന്റെ ഇളവിന് പുറമെ ഇന്ധന വിലയിൽ ലിറ്ററിന് ഏഴ് രൂപ കുറച്ചിട്ടുണ്ട്. സംസ്ഥാനത്ത് പെട്രോളിന്റെ വാറ്റ് ലിറ്ററിന് 2 രൂപ കുറയ്ക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാനം ഉടൻ പുറത്തിറക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ഭയന്നാണ് ബി. ജെ. പി സർക്കാരുകളുടെ തീരുമാനമെന്നാണ് വിലയിരുത്തൽ.കർണാടകയിലും ഹിമാചലിലും ബി. ജെ. പിക്ക് കനത്ത തിരിച്ചടിയാണ്ഉണ്ടായത്. കേന്ദ്രസർക്കാർ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇളവ് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.