Site iconSite icon Janayugom Online

കേരളത്തില്‍ 48 സീ പ്ലെയിൻ റൂട്ടുകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി

സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടെ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന ജലവിമാന സര്‍വീസ് (സീ പ്ലെയിൻ) പദ്ധതിയില്‍ 48 റൂട്ടുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതോടെ ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം ഒരുക്കാന്‍ നടപടികള്‍ വേഗലത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. കൊച്ചി ബോൾഗാട്ടി പാലസിന് സമീപത്തെ കായലിൽ നിന്ന് മൂന്നാറിലെ മാട്ടുപ്പെട്ടി ഡാമിലേക്ക് 2024ല്‍ നടത്തിയ സീ പ്ലെയിനിന്റെ പരീക്ഷണ പറക്കൽ വിജയകരമായിരുന്നു.

നിലവില്‍ പ്രഖ്യാപിച്ച റൂട്ടുകള്‍ കേന്ദ്രം താല്പര്യപത്രം ക്ഷണിച്ച് തെരഞ്ഞെടുത്ത റൂട്ടുകളാണ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ, മൂന്നാ‍ർ എന്നിവയെയും ബന്ധിപ്പിക്കുന്ന രീതിയില്‍ സംസ്ഥാനം നല്‍കിയ റൂട്ടും ഇതിലുണ്ട്. ഇന്ത്യ വണ്‍ എയര്‍, മെഹെയര്‍, പിഎച്ച്എല്‍, സ്പൈസ് ജെറ്റ് എന്നീ എയർലൈൻസുകള്‍ക്കാണ് നിലവിൽ റൂട്ടുകൾ അനുവദിച്ചിട്ടുള്ളത്. ഇനി വിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിനടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സംസ്ഥാനം ഒരുക്കണം. ഇതിനായി കണ്‍സള്‍ട്ടൻസികളെ ഉടൻ ക്ഷണിക്കും. സ്വന്തം നിലയില്‍ സൗകര്യങ്ങളൊരുക്കിയ ശേഷം പിന്നീട് തുക കേന്ദ്രം റീംഇംബേഴ്സ് ചെയ്യും. പദ്ധതിക്കായി 2025–26ലെ സംസ്ഥാന ബജറ്റില്‍ 70 കോടി വകയിരുത്തിയിട്ടുണ്ട്. സീ പ്ലെയിൻ ടൂറിസം, ഹെലിപോര്‍ട്ട്, എയര്‍സ്ട്രിപ് എന്നിവയ്ക്ക് 20 കോടിയും വാട്ടര്‍ എയ്റോഡ്രോം നിര്‍മ്മിക്കാൻ 50 കോടിയുമാണ് നീക്കിവച്ചിട്ടുള്ളത്. ഡാമുകളിലൂടെയുള്ള സീ പ്ലെയിൻ പദ്ധതി യാഥാർത്ഥ്യമാക്കാൻ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളത്തിന് വൻ സാധ്യത

വിമാനത്താവളങ്ങൾക്ക് പുറമേ കായൽപ്പരപ്പുകളിലും അണക്കെട്ടുകളിലും വലിയ തടാകങ്ങളിലും സീ പ്ലെയിൻ ഇറക്കാനാവുമെന്നതിനാല്‍ സംസ്ഥാനത്തിന് അനുകൂല ഘടകമാണ്. കോവളം, അഷ്ടമുടി, കുമരകം, മൂന്നാർ, പുന്നമട, മലമ്പുഴ ഡാം, കാസർകോട് ചന്ദ്രഗിരിപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ വാട്ടർ ഡ്രോമുകൾ സ്ഥാപിച്ച് സർവീസ് നടത്താനുമാകും. ലക്ഷദ്വീപിലേക്കും സർവീസ് നടത്താം.

Exit mobile version