Site iconSite icon Janayugom Online

ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് പൊതുപരീക്ഷയുമായി കേന്ദ്രം

ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് വിവിധ തലങ്ങളില്‍ നടക്കുന്ന പരീക്ഷകള്‍ ഏകോപിപ്പിച്ച് പൊതുപരീക്ഷ നടത്തുന്ന കാര്യം കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ പരീക്ഷകള്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത ഒന്നുതന്നെയാണ് എന്നത് കൊണ്ട് പൊതുപരീക്ഷ നടത്തുന്നത് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. വര്‍ഷംതോറും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ് സി), റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ഐബിപിഎ സ് തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ നിരവധി മത്സരപ്പരീക്ഷകള്‍ നടത്തുന്നുണ്ട്. ഇവയെല്ലാം ഏകോപിപ്പിച്ച് വിവിധ തസ്തികകളിലേക്ക് പൊതുപരീക്ഷ നടത്തുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

ഒരേ വിദ്യാഭ്യാസ യോഗ്യത വേണ്ട പരീക്ഷകളെ ഒന്നിച്ചാക്കി ഉദ്യോഗാര്‍ഥികളുടെ ഭാരം കുറയ്ക്കാനാണ് ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പത്താംക്ലാസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ്, ഇതിനും മുകളില്‍ ബിരുദം എന്നിങ്ങനെയാണ് ഒട്ടുമിക്ക തസ്തികകളിലേക്കുമുള്ള യോഗ്യതാ മാനദണ്ഡം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് ആണ് ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്. കാബിനെറ്റ് സെക്രട്ടേറിയറ്റും പ്രധാനമന്ത്രിയുടെ ഓഫീസും ചര്‍ച്ച ചെയ്ത ശേഷം ഇതില്‍ തീരുമാനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ്എസ്‌സി നടത്തുന്ന സ്‌ക്രീനിങ് പരീക്ഷകള്‍ക്ക് എല്ലാ തലങ്ങളിലുമായി ശരാശരി നാല് കോടിയോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിക്കുന്നത്. ഐബിപിഎസ് പരീക്ഷയ്ക്ക് 60 ലക്ഷം പേരും ആര്‍ആര്‍ബി ടെസ്റ്റിന് ഏകദേശം 1.4 കോടി പേരും അപേക്ഷിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Exit mobile version