Site iconSite icon Janayugom Online

കേന്ദ്രം വിഹിതം വെട്ടിക്കുറച്ചു; ഭക്ഷ്യവിതരണത്തിന് ബദല്‍ തേടി സംസ്ഥാനങ്ങള്‍

ബിജെപി വിരുദ്ധ സംസ്ഥാനങ്ങളോടുള്ള പ്രതികാര നടപടിയുടെ ഭാഗമായി ഭക്ഷ്യധാന്യങ്ങള്‍ വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ ബദല്‍ സംവിധാനങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. വിലക്കയറ്റം ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കായി അരി, ഗോതമ്പ് എന്നിവ വിതരണം ചെയ്യേണ്ടതില്ലെന്ന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് (എഫ്സിഐ) കേന്ദ്രം നിര്‍ദേശം നല്‍കിയത്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴില്‍ വരാത്ത, തുറന്ന കമ്പോള വില്പന പദ്ധതി (ഒഎംഎസ്എസ്(ഡി)) യിലൂടെ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഒഎംഎസ്എസ്(ഡി) യിലൂടെ സംസ്ഥാനങ്ങള്‍ക്ക് 3,000 മെട്രിക് ടണ്‍ വരെയായിരുന്നു വിതരണം ചെയ്തിരുന്നത്. പ്രതികാര നടപടികളുടെ ഭാഗമായി ഇത് 10 മുതല്‍ നൂറ് മെട്രിക് ടണ്‍ വരെയായി കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. 

തെരഞ്ഞടുപ്പ് വാഗ്ദാനമായ അന്ന ഭാഗ്യ പദ്ധതി അനുസരിച്ച് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ തീരുമാനമായ 2.28 കോടി മെട്രിക് ടണ്‍ അരി നല്‍കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ബദല്‍ സംവിധാനങ്ങള്‍ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പത്ത് കിലോ ഭക്ഷ്യധാന്യങ്ങളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. കേന്ദ്രം പദ്ധതിക്ക് തുരങ്കംവച്ചതിന് പിന്നാലെ പഞ്ചാബ് സര്‍ക്കാര്‍ കര്‍ണാടകയ്ക്ക് വേണ്ട അരി ലഭ്യമാക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

എഫ്സിഐ അല്ലാത്ത മറ്റ് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നായി 50,000 ടണ്‍ അരി സംഭരിക്കാനാണ് തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം. എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും അരി വിതരണം നടത്തുന്നുണ്ട്. 2,74,00 ടണ്‍ അരിയാണ് കേന്ദ്ര വിഹിതമായി ലഭിച്ചിരുന്നത്. ഒഎംഎസ്എസില്‍ നിന്ന് കിലോക്ക് 35 രൂപയ്ക്ക് വാങ്ങി സബ്സിഡി നല്‍കിയാണ് സംസ്ഥാനത്ത് വിതരണം നടത്തിയിരുന്നത്. ഇത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചതോടെ സംസ്ഥാനം മറ്റ് സംവിധാനങ്ങള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതമായി. 23,000 ടണ്‍ ഗോതമ്പിന്റെ വിതരണവും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചു. പൊതുവിപണിയില്‍ നിന്ന് ഈ കുറവുകള്‍ പരിഹരിച്ച് ജനക്ഷേമം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ജനദ്രോഹകരമായ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ തീരുമാനം. കേരളം ഒഎംഎസ്എസ് വഴി ധാന്യങ്ങള്‍ സംഭരിക്കുന്നില്ല. പദ്ധതിയിലൂടെ പയറുവര്‍ഗങ്ങള്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ധാരണയെത്തിയിരുന്നില്ല. 

Eng­lish Summary:Center cuts allo­ca­tion; States seek alter­na­tives to food supply

You may also like this video

Exit mobile version