യഥാസമയം ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനാൽ കേന്ദ്ര സ്മാർട്ട് സിറ്റി പദ്ധതി ഇഴയുന്നു. കേരളത്തിലെ തിരുവനന്തപുരം, കൊച്ചി സ്മാർട്ട് സിറ്റി പദ്ധതികളെയും കേന്ദ്രത്തിന്റെ അലംഭാവം ദോഷകരമായി ബാധിച്ചിട്ടുണ്ട്.
2017 — ൽ സ്കീമിന്റെ മൂന്നാം ഘട്ടത്തിലുൾപ്പെടുത്തി 1317.64 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ച തിരുവനന്തപുരത്ത് ഇതുവരെ 278.63 കോടിയുടെ പ്രവർത്തനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂവെന്ന് നഗര കാര്യമന്ത്രി തന്നെ ലോകസഭയിൽ സമ്മതിച്ചിരിക്കുകയാണ്. 1039 കോടിയുടെ പദ്ധതികൾക്ക് നിർമ്മാണ ഉത്തരവു പോലുമായിട്ടില്ല.
2023 ജൂൺ വരെയാണ് പദ്ധതി പൂർത്തിയാക്കാൻ അനുവദിച്ചിട്ടുള്ള സമയം. തുടക്കത്തിൽ പ്രവർത്തനങ്ങളിൽ മികച്ച കുതിപ്പു നടത്തുകയും മറ്റു സംസ്ഥാനങ്ങളിലെ നഗരങ്ങളെ പിന്നിലാക്കുകയും ചെയ്തിരുന്നു തിരുവനന്തപുരം. അഞ്ചാം സ്ഥാനമായി പദ്ധതിയിലിടം നേടിയ കൊച്ചിയിലെ പ്രവർത്തനങ്ങളും മന്ദഗതിയിൽത്തന്നെ. കൊച്ചിയിലേത് 2076 കോടി രൂപയുടെ പദ്ധതിയാണ്.
രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി അവയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുമെന്നു പ്രഖ്യാപിച്ച് 2015‑ൽ തുടക്കമിട്ടതാണ് കേന്ദ്ര സ്മാർട്ട് സിറ്റി മിഷൻ . 2015 മുതൽ 2019 — 20 വരെയുള്ള അഞ്ചു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2,11,628 കോടി രൂപ ചെലവ് കണക്കാക്കുകയും ചെയ്തു.
ഒരു നഗരത്തിലെ പദ്ധതിക്ക് 500 കോടി വീതം കേന്ദ്ര — സംസ്ഥാന സർക്കാരുകൾ വഹിക്കും. ഒരു വിഹിതം തദ്ദേശസ്ഥാപനങ്ങളുടേത്. പദ്ധതി വിഹിതമായി 260 കോടി. ബാക്കി പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിന്നു കണ്ടെത്തേണ്ടതാണ്. കേന്ദ്ര വിഹിതവും പദ്ധതി വിഹിതവും യഥാസമയം ലഭിക്കാത്തതാണ് പദ്ധതികളുടെ താളം തെറ്റലിനു കാരണം.
അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി ക്രമേണ മുടന്താൻ തുടങ്ങിയപ്പോൾ സമയ പരിധി ഏഴുവർഷമാക്കി 2022 നുള്ളിൽ എന്നു പിന്നീട് നിശ്ചയിച്ചു. ഇപ്പോൾ തിരുത്തിയിരിക്കുന്നത് 2023 ജൂണിനകം എന്നാണ്. അവിടെയും ഒതുങ്ങുമെന്ന കാര്യത്തിൽ ആർക്കും ഒരുറപ്പുമില്ല.
വിവിധ ഘട്ടങ്ങളിലായി, പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നിന്നു പദ്ധതിക്കായി 100 നഗരങ്ങളെ തെരഞ്ഞെടുത്തതിൽത്തന്നെ കേരളത്തോടുള്ള കേന്ദ്രത്തിന്റെ ചിറ്റമ്മ നയം പ്രകടമായതാണ്. തമിഴ്നാട്ടിൽ നിന്നു 11 ഉം, യുപി — യിൽ നിന്ന് എട്ടും കർണാടകയിൽ നിന്ന് ഏഴും ഗുജറാത്തിൽ നിന്ന് ആറും നഗരങ്ങളെ പരിഗണിച്ചപ്പോൾ കേരളത്തിൽ നിന്ന് കൊച്ചിയും തിരുവനന്തപുരവും മാത്രം. കൊല്ലവും കോഴിക്കോടും പട്ടികയിൽ ഇടം പിടിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
english summary; Center fails to release funds; Smart City project drags on
you may also like this video;