Site iconSite icon Janayugom Online

വാട്ട്സാപ്പിലെ സ്വകാര്യത വീഴ്ച പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ 

ഫോൺ ഉപയോഗത്തിലില്ലാത്ത സമയത്ത് സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ മൈക്രോഫോണ്‍ വാട്ട്‌സ്ആപ്പ് ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍.
ട്വിറ്ററിലെ എന്‍ജിനീയറായ ഫോഡ് ഡാബിരി  കഴിഞ്ഞദിവസം വാട്ട്സ്ആപ്പ് മൈക്ക് ഉപയോഗിച്ചതിന്റെ സമയക്രമം വ്യക്തമാക്കുന്ന സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.  രാവിലെ 4.20 നും 6.53 നും ഇടയില്‍ വാട്ട്സ്ആപ്പ് ആപ്ലിക്കേഷന്‍ തന്റെ ഫോണിലെ മൈക്രോഫോണ്‍ ഉപയോഗിച്ചതിന്റെ ടൈംലൈനാണ് ഡാബിരി പങ്കുവെച്ചത്. തുടര്‍ന്ന് നിരവധി ഉപഭോക്താക്കള്‍ ഇതേ പ്രശ്നം നേരിടുന്നതായി വെളിപ്പെടുത്തി. ട്വീറ്റിനോട് പ്രതികരിച്ച ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്ക് വാട്ട്സ്ആപ്പ് വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് അഭിപ്രായപ്പെട്ടു.
സംഭവത്തില്‍ വാട്ട്സ്ആപ്പ് വിശദീകരണം നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഒഎസിലുണ്ടായ സാങ്കേതിക പ്രശ്നമാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയതെന്ന് വാട്ട്സ്ആപ്പ് പറയുന്നു. പ്രൈവസി ഡാഷ്ബോഡില്‍ വിവരങ്ങള്‍ തെറ്റായി കാണിക്കുകയായിരുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൈക്രോഫോണ്‍ സെറ്റിങ്സിന്റെ സമ്പൂര്‍ണ നിയന്ത്രണം ഉപഭോക്താവിനാണെന്നും വാട്സാപ്പിന് മൈക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിനും വോയ്സ്/വീഡിയോ കോളുകള്‍ക്കും വേണ്ടി മാത്രമാണ് മൈക്ക് ഉപയോഗിക്കാറുള്ളതെന്നും വാട്ട്സ്ആപ്പ് വ്യക്തമാക്കി. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്സ്ആപ്പ്. ഇന്ത്യയിൽ മാത്രം 487 ദശലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുണ്ട്,
സ്വകാര്യതാ ലംഘനം നടത്തുന്നുവെന്ന ആരോപണം സർക്കാർ അന്വേഷിക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പുതിയ ഡാറ്റാ സുരക്ഷാ ബിൽ തയ്യാറാക്കുന്നതിന്റെ  ഭാഗമായും സമൂഹമാധ്യമങ്ങളിലെ സ്വകാര്യതാ ലംഘനം സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി ട്വീറ്റിൽ പറഞ്ഞു.
eng­lish sum­ma­ry; Cen­ter govt to inves­ti­gate What­sApp pri­va­cy breach
you may also like this video;

Exit mobile version