Site iconSite icon Janayugom Online

തമിഴ്‌നാട് വിധി കേരളത്തിന് ബാധകമാകില്ലെന്ന് കേന്ദ്രം; കേസ് മേയ് ആറിന് പരിഗണിക്കും

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാന്‍ വൈകിപ്പിക്കുന്ന തമിഴ്‌നാട് ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിന് ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയ‌്മാല ബാഗ്ചി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേരളം സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചത്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ വൈകിപ്പിച്ച നടപടി ചോദ്യം ചെയ്താണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സമാന വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരും സുപ്രീം കോടതിയില്‍ എത്തിയിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വാദംകേട്ട സുപ്രീം കോടതി ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയ പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

ഇന്നലെ കേരളത്തിന്റെ ഹര്‍ജികള്‍ പരിഗണനയ്ക്ക് എത്തിയപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച കേസിലെ ഉത്തരവുകള്‍ ഈ ഹര്‍ജികള്‍ക്കും ബാധകമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ കേന്ദ്രം എതിര്‍ത്തു. ഹര്‍ജികളില്‍ വ്യത്യസ്തതകള്‍ ഉണ്ടെന്നും അതിനാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലെ ഉത്തരവ് കേരളത്തിന്റെ ഹര്‍ജികള്‍ക്ക് ബാധകമാക്കാന്‍ കഴിയില്ലെന്നും കേന്ദ്രം നിലപാടെടുത്തു.

തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവ് കേരളത്തിന്റെ ഹര്‍ജികളില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഉണ്ടാകാവുന്ന പരിണിത ഫലങ്ങള്‍ പരിശോധിക്കാന്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനോട് ആവശ്യം ഉന്നയിച്ചു. ഹര്‍ജികളില്‍ വസ്തുതാപരമായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന വാദമാണ് സോളിസിറ്റര്‍ ജനറല്‍ ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വാദം പരിഗണിച്ച കോടതി ഇത് ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം വിലയിരുത്തിയ ശേഷം മേയ് ആറിന് കോടതി കേസ് വീണ്ടും പരിഗണിക്കും.

Exit mobile version