Site icon Janayugom Online

യൂണിയനുകളുമായി ചർച്ച നടത്താന്‍ കേന്ദ്രം ആർജവം കാണിക്കണം: രാമകൃഷ്ണ പാണ്ഡ

തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യാനും അസംഘടിത തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്താൻ തൊഴിൽ നിയമങ്ങൾ നിർമ്മിക്കാനും കേന്ദ്ര സർക്കാർ ആർജവം കാണിക്കണമെന്ന് എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡ. കുത്തക മുതലാളികളുടെയും അന്താരാഷ്ട്ര ധനകാര്യ സംഘടനകളുടെയും താല്പര്യങ്ങളാണ് കേന്ദ്ര സർക്കാർ സംരക്ഷിക്കുന്നതെന്ന് ദേശീയ സമ്മേളന നടപടികൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 

ഇന്ത്യൻ രൂപയെയും നമ്മുടെ വിദേശ നയത്തെയും നരേന്ദ്രമോഡി അമേരിക്കൻ സാമ്രാജ്യത്തിന് അടിയറവച്ചു കഴിഞ്ഞു. ആർഎസ്എസിന്റെ ഫാസിസ്റ്റ് അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. അവർ ഈ രാജ്യത്തെ തൊഴിലാളികളെയും രാജ്യത്തെ തന്നെയും ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കുന്നു. ഇന്ത്യൻ സംസ്കാരത്തിനും ഇന്ത്യയെന്ന സ്വത്വത്തിനും നേരെയുള്ള കടന്നുകയറ്റമാണിത്. നമ്മുടെ സംസ്കാരം നാനാത്വത്തിലെ ഏകത്വത്തിൽ അധിഷ്ഠിതമായതാണ്. അതാണ് കേന്ദ്ര സർക്കാർ ആക്രമിച്ചില്ലാതാക്കുന്നത്. അവർ ഹിന്ദു ഹിന്ദി ഹിന്ദുരാഷ്ട്ര എന്ന ആർഎസ്എസ് അജണ്ട അടിച്ചേൽപ്പിക്കുകയാണ്. അത് രാജ്യത്തിന്റെ പാരമ്പര്യവും തൊഴിലാളികളും അനുവദിക്കുന്നതല്ലെന്ന് പാണ്ഡെ പറഞ്ഞു. 

തൊഴിലാളിവർഗത്തിന്റെ 94 ശതമാനവും അസംഘടിതരായ തൊഴിലാളികളാണ്. അവരാണ് തൊഴിലാളികളിലേറ്റവും കഷ്ടപ്പെടുന്ന വിഭാഗം. അവരുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ അഭിമുഖീകരിക്കാതിരിക്കുകയാണ്. തൊഴിലാളികളെ ശാക്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. സമ്മേളനം പ്രധാനമായും ആവശ്യപ്പെടുന്ന വിഷയം അസംഘടിത തൊഴിലാളികളുടേതാണ്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളും ചർച്ചകൾക്ക് വിധേയമാക്കും. സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം വിവരിച്ചു. എഐടിയുസി ദേശീയ സെക്രട്ടറി കെ പി രാജേന്ദ്രനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

Eng­lish Summary:Center should show will­ing­ness to nego­ti­ate with unions: Ramakr­ish­na Panda
You may also like this video

Exit mobile version