Site iconSite icon Janayugom Online

സാമുഹ്യ സുരക്ഷാ പദ്ധതി വിഹിതം കേന്ദ്രം കവര്‍ന്നു

കേന്ദ്രാവിഷ്കൃത സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ കേന്ദ്ര ഗുണഭോക്തൃ വിഹിതം മോഡി സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചത് സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യത ഏറ്റെടുക്കാന്‍ കാരണമായെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിനകത്തും പുറത്തും തന്റെ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് വാരിക്കോരി തുക ചെലവഴിക്കുന്നതായി വീമ്പിളക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ സംസ്ഥാന വിഹിതം കവര്‍ന്നെടുത്തു നടത്തുന്ന ഗിമ്മിക്കിനിടയിലും സംസ്ഥാന സര്‍ക്കാരുകള്‍ അത്തരം ചെലവുകള്‍ ഏറ്റെടുത്തതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രസിദ്ധീകരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം ചെലവിന്റെ ഒരു വിഹിതമായി മൊത്തത്തിലുള്ള സാമൂഹിക ചെലവിന്റെ കാര്യത്തിൽ മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മുൻ യുപിഎ സർക്കാരിനേക്കാൾ വളരെ കുറഞ്ഞ പ്രകടനമാണ് കാഴ്ചവച്ചത്. നരേന്ദ്ര മോഡി ആദ്യമായി അധികാരമേറ്റ 2014–15 മുതല്‍ സാമൂഹിക ചെലവുകളുടെ വിഹിതം കുറച്ചു. കോവിഡ് 19 മഹാമരിയുടെ അസാധാരണ വര്‍ഷം അതായത് 2021–22 വരെ ഈ നില തുടര്‍ന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 8.5% ആയിരുന്ന സാമൂഹിക ചെലവിന്റെ ശരാശരി വിഹിതം മോഡിയുടെ 11 വര്‍ഷത്തിനിടെ 5.3% മായി കുറഞ്ഞു. 

ഇതിന്റെ ഫലമായി തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങള്‍ക്കുള്ള സാമൂഹ്യ, ക്ഷേമാനുകൂല്യങ്ങള്‍ തടസപ്പെടാതിരിക്കാന്‍ സംസ്ഥാന സർക്കാരുകൾ വളരെ ഉയർന്ന ചെലവ് ഭാരം വഹിക്കേണ്ടിവന്നു. യുപിഎ സർക്കാരിന്റെ കാലത്ത് നാല് മടങ്ങ് അധികമായിരുന്നു സംസ്ഥാന വിഹിതമായി വഹിക്കേണ്ടി വന്നതെങ്കില്‍ മോഡി സർക്കാരിന്റെ കീഴിൽ എട്ട് മടങ്ങായി വര്‍ധിച്ചു.
ഇക്കാലയളവിനിടയില്‍ കോവിഡ് 19 മഹാമാരിക്കാലത്ത് ഭക്ഷ്യ സബ്സിഡിയും ഏകദേശം 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണവും മാത്രമാണ് കേന്ദ്രം പൂര്‍ണമായും ഏറ്റെടുത്ത സാമൂഹ്യ പദ്ധതി. പൊതു തെരഞ്ഞെടുപ്പ് വേളയില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും നേരിട്ട് പണം വിതരണം ചെയ്യുന്ന ചില കണ്ണില്‍ പൊടിയിടലുകളും നടത്തുന്നു. അതേസമയം പ്രതിമാസ ചെലവ് വരുന്ന സാമൂഹ്യക്ഷേമ പദ്ധതി ചെലവുകള്‍ ഗണ്യമായി കേന്ദ്രം വെട്ടിക്കുറച്ചുവെന്ന് റിപ്പോര്‍ട്ട്, ആര്‍ബിഐ രേഖകളെ അവലംബിച്ച് സമര്‍ത്ഥിക്കുന്നു. നിലവിലുള്ള പല കേന്ദ്ര പദ്ധതികളിലും ആധാറും ബയോ മെട്രിക് ഐഡന്റിഫിക്കേഷനും മറ്റും നടപ്പിലാക്കി മോഡി സര്‍ക്കാര്‍ ഗുണഭോക്താക്കളെ പുറത്താക്കുന്നതും സംസ്ഥാന ബാധ്യത വര്‍ധിപ്പിക്കുന്നു. ആനുകൂല്യം ലഭിച്ചവരെ ചേര്‍ത്തുപിടിക്കുന്നതിന് അത്തരക്കാരുടെ മുഴുവന്‍ വിഹിതവും സംസ്ഥാനം വഹിക്കേണ്ടിവരികയും ചെയ്യുന്നു. 

2016–17 ല്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര ധനവിഹിതം 32.8% എന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും 2022–23 ല്‍ 28% ആയി കുറഞ്ഞിട്ടും സാമൂഹിക ചെലവുകളുടെ വര്‍ധന സ്വയം ഏറ്റെടുത്താണ് സംസ്ഥാനങ്ങള്‍ ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റിയതെന്ന് പഠനം നടത്തിയ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ്ങിലെ എമെറിറ്റസ് പ്രൊഫസര്‍ സി പി ചന്ദ്രശേഖരനും സാമ്പത്തിക വിഗദ്ധയായ ജയതി ഘോഷും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

Exit mobile version