ഓൺലൈൻ ഉള്ളടക്കങ്ങൾ കൂട്ടത്തോടെ നീക്കം ചെയ്യാനും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യാനും അധികാരം നൽകുന്ന ‘സഹ്യോഗ്’ പോർട്ടൽ കേന്ദ്രത്തിന് പുതിയ ആയുധമാകുന്നു. സർക്കാർ ഏജൻസികൾക്ക് ഒരേസമയം നൂറുകണക്കിന് യുആർഎല്ലുകൾ ബ്ലോക്ക് ചെയ്യാൻ അനുവാദം നൽകുന്നതാണ് ഈ പുതിയ സംവിധാനം. സർക്കാർ ഉത്തരവുകൾ പാലിക്കാത്ത ഇടനിലക്കാർക്കെതിരെ നേരിട്ട് എഫ്ഐആർ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും പോർട്ടലിലുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (ഐ4സി) സഹ്യോഗ് പോർട്ടൽ വികസിപ്പിച്ചത്.
മുമ്പ് ഐടി നിയമത്തിലെ സെക്ഷൻ 69എ പ്രകാരം കേന്ദ്ര മന്ത്രാലയങ്ങൾക്ക് മാത്രമായിരുന്നു ഉള്ളടക്കം തടയാൻ അധികാരമെങ്കിൽ, സഹ്യോഗ് പോർട്ടൽ വഴി സംസ്ഥാന സർക്കാരുകൾക്കും പൊലീസിനും ഇതിന് സാധിക്കും. 2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിൽ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്ക് 2,300-ലധികം ബ്ലോക്ക് ചെയ്യൽ ഉത്തരവുകൾ ഈ പോർട്ടൽ വഴി നൽകിയതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.
2026 ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വന്ന പുതിയ ഐടി ഭേദഗതി നിയമപ്രകാരം, ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി 24–36 മണിക്കൂറിൽ നിന്ന് വെറും മൂന്ന് മണിക്കൂറായി കുറച്ചു. നിശ്ചിത സമയത്തിനുള്ളിൽ നടപടിയെടുക്കാത്ത പ്ലാറ്റ്‌ഫോമുകൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാനും തുടർന്ന് എഫ്ഐആർ അപ്‌ലോഡ് ചെയ്യാനും പോർട്ടൽ വഴി സാധിക്കും. പൊലീസിന് മാത്രം അധികാരമുള്ള എഫ്ഐആർ രജിസ്‌ട്രേഷൻ പ്രക്രിയയിൽ കേന്ദ്ര മന്ത്രാലയ പ്രതിനിധികൾക്കും അധികാരം നൽകുന്നത് നിയമപരമായ ചോദ്യങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളുടെയും വ്യക്തികളുടെയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഈ പോർട്ടൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പാർലമെന്റ് സ്തംഭനത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യ കാർട്ടൂണിന്റെ പേരിൽ ‘ദി വയറി‘ന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും, എഐ ഉച്ചകോടിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തെക്കുറിച്ചുള്ള പോസ്റ്റിന്റെ പേരിൽ പത്രപ്രവർത്തകയുടെ എക്സ് പോസ്റ്റും അടുത്തിടെ നീക്കം ചെയ്യപ്പെട്ടിരുന്നു.
സഹ്യോഗ് പോർട്ടലിന്റെ ഉപയോഗം ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ‘എക്സ്’ കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും പൗരന്മാരുടെ സുരക്ഷയ്ക്കും പൊതുനന്മയ്ക്കും വേണ്ടിയുള്ള സംവിധാനമെന്ന് വിശേഷിപ്പിച്ച് കോടതി ഹർജി തള്ളുകയായിരുന്നു. അതേസമയം പത്രപ്രവർത്തകരെയോ ഉള്ളടക്ക സ്രഷ്ടാക്കളെയോ ഈ പ്രക്രിയയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സുതാര്യമായ അവലോകന സംവിധാനം പോർട്ടലിലില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര‑സംസ്ഥാന ഏജൻസികൾക്ക് ഡിജിറ്റൽ ലോകത്ത് കൂടുതൽ നിയന്ത്രണാധികാരം നൽകുന്ന സഹ്യോഗ് പോർട്ടൽ, ഇന്ത്യയിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള വെല്ലുവിളിയാണെന്നും വിലയിരുത്തപ്പെടുന്നു.

