Site iconSite icon Janayugom Online

നിര്‍മ്മിത ബുദ്ധിയെയും നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: നിര്‍മിത ബുദ്ധി (എഐ) പ്ലാറ്റ്‌ഫോമുകള്‍ക്കും മൂക്കുകയറിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇനി മുതല്‍ നിര്‍മ്മിതബുദ്ധി പ്ലാറ്റ്ഫോമുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടണമെന്ന ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശം വിവാദത്തിലായി.
ഗൂഗിളിന്റെ നിര്‍മ്മിതബുദ്ധി പ്ലാറ്റ്‌ഫോമായ ജെമിനി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫാസിസ്റ്റെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിതബുദ്ധി പ്ലാറ്റ് ഫോമുകളുടെയും നിയന്ത്രണം ലക്ഷ്യമിടാന്‍ തുടങ്ങിയത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ കേന്ദ്ര അനുമതി തേടണമെന്ന് നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. വിശ്വസനീയമല്ലാത്തതും പരീക്ഷണഘട്ടത്തിലുമുള്ള എഐ മോഡലുകള്‍ ഉപയോഗിക്കുമ്പോള്‍ ‘പരീക്ഷണഘട്ടത്തില്‍’ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

ഗൂഗിള്‍ ജെമിനി, ഒലയുടെ കൃത്രിം ഉള്‍പ്പെടെ എല്ലാ എഐ പ്ലാറ്റ്ഫോമുകള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം ശിക്ഷ നൽകുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് രാജ്യത്തെ ആദ്യ എഐ യുണികോണായ ഒല കൃത്രിം മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് അറിയിച്ചിരുന്നു.
ജെമിനിയുടെ പ്രതികരണം ഐടി, ക്രിമിനല്‍ നിയമങ്ങളുടെ ലംഘനമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. പക്ഷേ എങ്ങനെയാണ് നിയമലംഘനമാകുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. ഐടി നിയമം 3(1) (ബി) അനുസരിച്ച് തെറ്റായ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയോ പ്രചരിപ്പിക്കുകയോ ശേഖരിക്കുകയോ ചെയ്യരുതെന്നും പറയുന്നുണ്ട്. എന്നാല്‍ ഒരു സാങ്കേതിക വിദ്യ എങ്ങനെയാണ് നിയമലംഘനം നടത്തുക എന്ന് വ്യക്തമല്ലെന്നും പ്രതികരണങ്ങള്‍ ഉണ്ടായി. ഇതോടെയാണ് മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി വിജ്ഞാപനം പുറത്തിറക്കിയത്. 

അതേസമയം കേന്ദ്രസര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും ഐടി മന്ത്രാലയത്തില്‍ നിന്നും മാറി സുതാര്യവും പ്രവർത്തനപരമായി സ്വയംഭരണാധികാരമുള്ളതുമായ ഒരു സ്ഥാപനം അവ മികച്ച രീതിയിൽ നടപ്പിലാക്കേണ്ടതുണ്ടെന്നും വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. സമൂഹമാധ്യമത്തില്‍ എന്ത് പ്രസിദ്ധപ്പെടുത്താം എന്ത് പറ്റില്ല എന്ന് മോഡി സര്‍ക്കാരിന് തീരുമാനിക്കാനാകുന്ന സ്ഥിതി അംഗീകരിക്കാനാകില്ലെന്ന് നിയമ വിദഗ്ധൻ അപാര്‍ ഗുപ്ത പ്രതികരിച്ചു.
വിമര്‍ശനം രൂക്ഷമായ പശ്ചാത്തലത്തില്‍ വിജ്ഞാപനത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തി. പരീക്ഷിക്കാത്ത എഐ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു മാര്‍ഗനിര്‍ദേശമെന്ന് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. വൻകിട പ്ലാറ്റ്ഫോമുകളെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണെന്നും സ്റ്റാര്‍ട്ടപ്പുകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Cen­ter to Con­trol Arti­fi­cial Intelligence

You may also like this video

Exit mobile version