Site icon Janayugom Online

മില്‍മയെ ഞെക്കിക്കൊല്ലാന്‍ കേന്ദ്രം; അമുലിനും തിരിച്ചടിയായി കേന്ദ്ര നയം

സംസ്ഥാനത്തെ ക്ഷീരോല്പാദന മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമായ മില്‍മയെ പ്രതിസന്ധിയിലാക്കി കേന്ദ്ര നികുതിനയം. മില്‍മയെ മാത്രമല്ല, ഏഷ്യയിലേതന്നെ മുന്നണിയിലുള്ള ക്ഷീരവിഭവ നിര്‍മ്മാണ ശാലയായ അമുലിനുനേരെയും നികുതിയുടെ വാള്‍ വീഴുന്നു. ലക്ഷക്കണക്കിനു ക്ഷീരകര്‍ഷകരുടെ വയറ്റത്തടിക്കുന്ന കേന്ദ്ര ജിഎസ്‌ടി നയം രാജ്യത്തെ ക്ഷീരമേഖലയെത്തന്നെ മാന്ദ്യത്തിലാഴ്ത്തുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.
കോവിഡ് മഹാമാരിയും കാലിത്തീറ്റയിലും മറ്റ് അനുബന്ധ സാമഗ്രികളുടെ ചെലവിലുണ്ടായ വര്‍ധനയും വരുത്തിവച്ച പ്രതിസന്ധിക്കിടെ ക്ഷീരമേഖലയ്ക്ക് കൂടുതല്‍ നികുതിയിളവുകള്‍ അനുവദിക്കണമെന്ന മുറവിളി ഉയരുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ ഇരുട്ടടി. ഈ മാസം ആദ്യം ചേര്‍ന്ന ജിഎസ്‌ടി കൗണ്‍സില്‍ തീരുമാനമനുസരിച്ച് മില്‍മയും അമുലും അടക്കമുള്ള ക്ഷീരോല്പന്ന സ്ഥാപനങ്ങളെല്ലാം പാലിന്റെ ഉപോല്പന്നങ്ങളായ നെയ്യ്, തൈര്, മോര്, ലസ്സി, പാല്‍പ്പൊടി എന്നിവയ്ക്ക് അഞ്ചു ശതമാനം ജിഎസ്‌ടി നല്കണം. പ്രതിവര്‍ഷം 4600 കോടിയോളം വിറ്റുവരവുള്ള മില്‍മയുടെ ഉല്പന്നങ്ങളില്‍ മൂന്നിലൊന്നും മേല്‍പറഞ്ഞ വിഭവങ്ങളാണ്. 

ഇതിനു പുറമെ ക്ഷീരോല്പാദന മേഖലയ്ക്കാവശ്യമായ യന്ത്രോപകരണങ്ങള്‍ വാങ്ങുമ്പോള്‍ ചുമത്തിയിരുന്ന ജിഎസ്‌ടി 12 ശതമാനത്തില്‍ നിന്നു 18 ശതമാനമായി കുത്തനെ ഉയര്‍ത്തിയതും തിരിച്ചടിയായി. പണപ്പെരുപ്പം മൂലം ഉല്പാദനച്ചെലവിലുണ്ടായ വന്‍ വര്‍ധനയ്ക്കിടെ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ സമൂഹത്തില്‍ ബഹുമുഖമായ ആഘാതങ്ങളാണ് ഉളവാക്കാന്‍ പോകുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറയുന്നു. നികുതി മൂലം ഉല്പാദനച്ചെലവ് വര്‍ധിക്കുന്നതിനാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ഉയര്‍ന്ന വില നല്കാനാവില്ലെന്നു വരും. നിലവില്‍ നല്കുന്ന വിലയെങ്കിലും നല്കണമെങ്കില്‍ പാല്‍വില വര്‍ധിപ്പിക്കേണ്ട സ്ഥിതിയുമുണ്ടാകും. ഉപഭോക്താക്കളെ കൊള്ളയടിക്കാനാണ് ഇതുമൂലം കേന്ദ്ര നയം വഴിയൊരുക്കുക. 1964 ലെ പഴയൊരു നിയമം ചികഞ്ഞെടുത്താണ് പ്രതിവര്‍ഷം 50 ലക്ഷത്തില്‍പരം വാര്‍ഷിക വിറ്റുവരവുള്ള ക്ഷീരോല്പാദന സ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്താമെന്ന കേന്ദ്രത്തിന്റെ കണ്ടുപിടിത്തം. ഈ നിയമത്തില്‍ പോലും 0.1 ശതമാനം മാത്രം നികുതി ചുമത്താനേ വ്യവസ്ഥയുള്ളു. ആ നിയമം പോലും ലംഘിച്ചാണ് ക്ഷീരവിഭവങ്ങള്‍ക്ക് അഞ്ച് ശതമാനവും യന്ത്രോപകരണങ്ങള്‍ക്ക് 18 ശതമാനവും കനത്ത നികുതി ചുമത്തിയിരിക്കുന്നത്. 

ഇതിനെല്ലാം പുറമെ ക്ഷീര സഹകരണ സംഘങ്ങള്‍ മൂലം വിതരണം ചെയ്യുന്ന കാലിത്തീറ്റയ്ക്കും നികുതി ചുമത്തുമെന്ന നിലപാടാണ് ഗോസംരക്ഷണത്തിന്റെ അട്ടിപ്പേറവകാശം ഏറ്റെടുത്തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ചിരിക്കുന്നതെന്നും മറ്റൊരു കൗതുകം. സംസ്ഥാനത്തെ മിക്ക ക്ഷീര സഹകരണ സംഘങ്ങളുടെയും പ്രതിവര്‍ഷ വിറ്റുവരവ് 50 ലക്ഷത്തിനു മുകളിലായതിനാല്‍ പുതിയ നികുതിനയം മില്‍മയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തും. സംഘങ്ങള്‍ വരുമാന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയാല്‍ 20 ശതമാനം നികുതി പിഴയായി നല്കണം. കഴിഞ്ഞ വര്‍ഷം മില്‍മയുടെ വരുമാനത്തിലുണ്ടായ 25 ശതമാനം വര്‍ധന പുതിയ നികുതി നയത്തിലൂടെ ഒലിച്ചുപോകുമെന്ന ആശങ്കയും പടരുന്നു. വിഷുക്കൈനീട്ടമായി സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് നാലു രൂപ വീതം വര്‍ധിപ്പിച്ചു നല്കിയതും ഇനി ഓര്‍മ്മക്കഥയാവും. ഈ പ്രശ്നം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാനത്തെ എംപിമാര്‍ക്കെല്ലാം മില്‍മ കത്തയച്ചിട്ടുണ്ട്.

Eng­lish Summary:Center to crush Mil­ma; Cen­tral pol­i­cy also back­fired for Amul
You may also like this video

Exit mobile version