Site iconSite icon Janayugom Online

ദരിദ്രരുടെ റേഷന്‍കാര്‍ഡുകള്‍ വെട്ടാന്‍ കേന്ദ്രം

‘ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ്’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായം കെെപ്പിടിയിലൊതുക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കം അന്തിമഘട്ടത്തിലേക്ക്. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിലെ മുന്‍ഗണനാ പട്ടികയിലുള്ള 1.54 കോടി കാര്‍ഡുടമകളില്‍ ലക്ഷങ്ങള്‍ പൊതുവിതരണ സമ്പ്രദായത്തിന് പുറത്താകുമെന്ന ആശങ്ക ശക്തമായി.
സംസ്ഥാന സര്‍ക്കാരുകളെ പാര്‍ശ്വവല്‍ക്കരിക്കുന്ന പുതിയ ‘സ്മാര്‍ട്ട് പിഡിഎസ്’ പദ്ധതി നടപ്പിലാക്കപ്പെടുന്നതിലൂടെ കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ വിഹിതം നിര്‍ണയിക്കുന്നതിലും ദരിദ്രരെ മുന്‍ഗണനാ വിഭാഗത്തില്‍ കൊണ്ടുവരുന്നതിലും സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമാണ് കേന്ദ്രം പിടിച്ചെടുക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളം പദ്ധതി നടപ്പാക്കുന്നതിന് തുടക്കം മുതല്‍ എതിരായിരുന്നു. എന്നാല്‍ മറ്റെല്ലാ സംസ്ഥാനങ്ങളുടെ മേലും സമ്മര്‍ദം ചെലുത്തി പദ്ധതി അംഗീകരിക്കുന്ന ധാരണാപത്രത്തില്‍ ഒപ്പുവച്ചതോടെ കേരളത്തിനും വഴങ്ങേണ്ടിവന്നു. പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 1.54 കോടി കാര്‍ഡുടമകള്‍ക്ക് റേഷന്‍ നല്കാനുള്ള മുഴുവന്‍ ചെലവും സംസ്ഥാനം വഹിക്കേണ്ടി വരുമെന്ന ഭീഷണി പുറപ്പെടുവിച്ചാണ് പദ്ധതിയില്‍ കേരളത്തെക്കൊണ്ട് ഒപ്പുവയ്പിച്ചത്.
പുതിയ കേന്ദ്ര പദ്ധതി നടപ്പാക്കുമ്പോള്‍ വരുന്ന ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളും വഹിക്കണമെന്നാണ് നിര്‍ദേശം. മൂന്ന് വര്‍ഷത്തിനുശേഷം മുഴുവന്‍ റേഷന്‍ വിതരണ‑സംഭരണ ചെലവുകളും സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന വ്യവസ്ഥ സംസ്ഥാനങ്ങള്‍ക്ക് വന്‍ സാമ്പത്തിക ആഘാതമാകും.

പദ്ധതി നടപ്പിലാകുന്നതോടെ കാര്‍ഡുടമകളുടെ വിവരങ്ങള്‍ പൂര്‍ണമായും കേന്ദ്രത്തിന് കെെമാറണം. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനടക്കമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി നടത്തിപ്പിനെപ്പോലും സ്തംഭിപ്പിക്കുമെന്ന ആശങ്കയുമുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ക്കെതിരെ ഏറെക്കാലമായി കേന്ദ്രം ഇടങ്കോലിട്ട് വരികയായിരുന്നു. പൊതുവിതരണ സമ്പ്രദായം പിടിച്ചെടുക്കുന്നതിലൂടെ ക്ഷേമപെന്‍ഷന്‍ പദ്ധതിയും തകര്‍ക്കാമെന്നാണ് കേന്ദ്രത്തിന്റെ ഹീനമായ കണക്കുകൂട്ടല്‍. ഇതിനുപുറമെ റേഷന്‍ കടകള്‍ വഴി മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് നല്കുന്ന സൗജന്യ ഭക്ഷ്യധാന്യത്തിനുപകരം ഭാവിയില്‍ കാര്‍ഡുടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി തുക നേരിട്ട് നല്കാനുള്ള പദ്ധതി നിര്‍ദേശവും പൊതുവിതരണ സമ്പ്രദായത്തെ സമ്പൂര്‍ണമായി തകര്‍ക്കും. ഇതുവഴി സംസ്ഥാനത്തെ 14,181 റേഷന്‍ കടകള്‍ക്ക് എന്നെന്നേക്കുമായി താഴുവീഴും. റേഷന്‍ കട നടത്തിപ്പിലൂടെ ഉപജീവനം കണ്ടെത്തുന്ന പതിനായിരങ്ങളാണ് ഇപ്രകാരം പട്ടിണിയിലേക്ക് എറിയപ്പെടുക.

മുന്‍ഗണനാ വിഭാഗങ്ങളില്‍പ്പെടുന്ന ദരിദ്രരടക്കമുള്ളവരുടെ റേഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡം പുനര്‍നിര്‍ണയിക്കുമ്പോള്‍ ജീവിതനിലവാരത്തില്‍ മുന്നില്‍ നില്ക്കുന്ന ലക്ഷക്കണക്കിന് കാര്‍ഡുടമകളായിരിക്കും റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് പുറത്താക്കപ്പെടുക. കരാര്‍ വ്യവസ്ഥയിലും ദിവസവേതനാടിസ്ഥാനത്തിലും ഈ മേഖലയില്‍ ഉപജീവനം നേടുന്ന പതിനായിരങ്ങളും തൊഴില്‍രഹിതരാകും. പ്രകൃതിദുരന്തങ്ങള്‍ക്കിടയിലും ഉത്സവകാലത്തും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഇ‑പോസ് മെഷീന്‍ വഴി നടപ്പാക്കുന്നതിനുപോലും കേന്ദ്രത്തിന്റെ അനുമതി വേണ്ടിവരും. ചുരുക്കത്തില്‍ ജനജീവിതത്തില്‍ സര്‍വതലസ്പര്‍ശികളായ കനത്ത ആഘാതങ്ങളാണ് സമൂഹത്തെ കാത്തിരിക്കുന്നതെന്ന വിലയിരുത്തലുമുണ്ട്.

Eng­lish Summary:Center to cut the ration cards of the poor

You may also like this video

Exit mobile version