സ്വകാര്യ ജെറ്റ്, പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, വിറ്റാമിനുകള്‍ തുടങ്ങി 35 ഉല്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചേക്കും. ഫെബ്രുവരി ഒന്നിന് നടക്കുന്ന ബജറ്റ് പ്രഖ്യാപനത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തീരുവ വര്‍ധിപ്പിക്കേണ്ട 35 ഉല്പന്നങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ആഭരണങ്ങള്‍, ഗ്ലോസ് പേപ്പര്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ 2023–23 ലെ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുന്ന ഇനങ്ങളുടെ പട്ടികയിലുണ്ട്. പ്രാദേശിക ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അവശ്യേതര വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനുമാണ് പുതിയ നീക്കമെന്നാണ് വിശദീകരണം.
വിവിധ മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് 35 ഉല്പന്നങ്ങളുടെ പട്ടിക തയാറാക്കിയതെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിസംബറില്‍ ഇറക്കുമതി കുറയ്ക്കാന്‍ കഴിയുന്ന അവശ്യേതര വസ്തുക്കളുടെ പട്ടിക നല്‍കാന്‍ വാണിജ്യ‑വ്യവസായ മന്ത്രാലയം മറ്റ് മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 4.4 ശതമാനത്തിലെത്തിയിരുന്നു. ഇത് ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. രാജ്യത്തെ മൊത്തം വിദേശനാണ്യത്തിന്റെ വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനം 2023 ജനുവരി 31 നാണ് ആരംഭിക്കുന്നത്. 2023–24 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും.
English Summary: Center to raise customs duty on 35 products
You may also like this video